അന്യപുരുഷന്മാർക്കിടയിൽ സ്ത്രീകളെ ഉൾപ്പെടുത്തരുത്; ഇസ്ലാമിക ആഘോഷങ്ങൾക്ക് കർശന നിർദേശവുമായി കാന്തപുരം

ഇസ്ലാമിക ചടങ്ങുകൾ മതപരമായ അതിരുകൾ മറികടക്കുന്ന രീതിയിലേക്ക് മാറുന്നത് ഗൗരവമായി കാണണമെന്നും പരിപാടികളുടെ നടത്തിപ്പിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും സമസ്ത അധ്യക്ഷൻ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അന്യപുരുഷന്മാർക്കിടയിൽ സ്ത്രീകളെ ഉൾപ്പെടുത്തരുത്; ഇസ്ലാമിക ആഘോഷങ്ങൾക്ക് കർശന നിർദേശവുമായി കാന്തപുരം

കോഴിക്കോട്: ഇസ്ലാമിക ആഘോഷങ്ങളും മതചടങ്ങുകളും സംഘടിപ്പിക്കുമ്പോൾ മതപരമായ മാനദണ്ഡങ്ങളും അച്ചടക്കവും കർശനമായി പാലിക്കണമെന്ന് സമസ്ത കാന്തപുരം വിഭാഗം. നബിദിനാഘോഷങ്ങളുടെ ഭാഗമായി സ്ത്രീകളെ പൊതു പരിപാടികളിൽ പങ്കെടുപ്പിച്ചതിനെതിരെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മഹല്ലുകൾക്കും മദ്രസകൾക്കും സംഘടനകൾക്കും നിർദേശം നൽകിയത്.

ഇസ്ലാമിക ചടങ്ങുകൾ മതപരമായ അതിരുകൾ മറികടക്കുന്ന രീതിയിലേക്ക് മാറുന്നത് ഗൗരവമായി കാണണമെന്നും പരിപാടികളുടെ നടത്തിപ്പിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും സമസ്ത അധ്യക്ഷൻ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പൊതുനിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നതും ഇസ്ലാമിക പാരമ്പര്യത്തിന് പുറത്തുള്ള ആചാരങ്ങളും ആഘോഷരീതികളും മതപരിപാടികളുമായി കൂട്ടിച്ചേർക്കുന്നതും അനുവദനീയമല്ലെന്നാണ് പ്രസ്താവനയിലെ നിലപാട്.

മഹല്ല് ഭാരവാഹികൾ, മദ്രസാ അധികൃതർ, മതസ്ഥാപനങ്ങൾ, സംഘടനകൾ എന്നിവ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആവശ്യമായ നിയന്ത്രണങ്ങൾ ഉറപ്പാക്കണം. മതമൂല്യങ്ങളും അച്ചടക്കവും സംരക്ഷിക്കുന്ന രീതിയിലായിരിക്കണം ആഘോഷങ്ങളും ചടങ്ങുകളും നടത്തേണ്ടതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

വരുന്ന തലമുറയ്ക്ക് മതപരമായും ധാർമികമായും മാതൃകയാകുന്ന രീതിയിൽ പരിപാടികൾ ക്രമീകരിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും സമസ്ത കാന്തപുരം വിഭാഗം ചൂണ്ടിക്കാട്ടി.