പറഞ്ഞ മതവിധി മാറ്റിപ്പറയില്ല; സ്ത്രീ സ്വാതന്ത്ര്യ വിവാദത്തിൽ ഉറച്ച് കാന്തപുരം
മതകാര്യങ്ങളിൽ തീരുമാനങ്ങൾ പറയുന്നത് ആലോചനകളും മതഗ്രന്ഥങ്ങളുടെ പരിശോധനയും നടത്തിയ ശേഷമാണെന്ന് കാന്തപുരം വ്യക്തമാക്കി. ഒരിക്കൽ ഒരു നിലപാട് വ്യക്തമാക്കിയ ശേഷം വ്യക്തികൾക്കോ രാഷ്ട്രീയ പാർട്ടികൾക്കോ വേണ്ടി അത് തിരുത്തുന്ന പതിവില്ലെന്നും അദ്ദേഹം പറഞ്ഞു
മലപ്പുറം: സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട തന്റെ മുൻ പ്രസ്താവനയിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. മതപരമായ വിഷയങ്ങളിൽ പറയുന്ന കാര്യങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ വ്യക്തിയുടെയോ അഭിപ്രായത്തിന് അനുസരിച്ച് മാറ്റേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നടന്ന പരിപാടിയിലാണ് കാന്തപുരം നിലപാട് ആവർത്തിച്ചത്.
മതകാര്യങ്ങളിൽ തീരുമാനങ്ങൾ പറയുന്നത് ആലോചനകളും മതഗ്രന്ഥങ്ങളുടെ പരിശോധനയും നടത്തിയ ശേഷമാണെന്ന് കാന്തപുരം വ്യക്തമാക്കി. ഒരിക്കൽ ഒരു നിലപാട് വ്യക്തമാക്കിയ ശേഷം വ്യക്തികൾക്കോ രാഷ്ട്രീയ പാർട്ടികൾക്കോ വേണ്ടി അത് തിരുത്തുന്ന പതിവില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്തയിലെ പണ്ഡിതന്മാർ ഒരിക്കൽ പറഞ്ഞ കാര്യങ്ങൾ പിന്നീട് തിരുത്തിപ്പറയേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും കാന്തപുരം അവകാശപ്പെട്ടു.
മതവിഷയങ്ങളിൽ പണ്ഡിതന്മാർ പറയുന്ന കാര്യങ്ങൾ ആരുടെയെങ്കിലും വ്യക്തിപരമായ ഇഷ്ടത്തിനോ അഭിപ്രായത്തിനോ അനുസരിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തിനുവേണ്ടി നിലപാടുകൾ വ്യക്തമാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെയെന്നും, പറഞ്ഞ കാര്യങ്ങൾ പിൻവലിക്കുകയോ തിരുത്തുകയോ ചെയ്യില്ലെന്നും കാന്തപുരം വ്യക്തമാക്കി.
കഴിഞ്ഞ മാസം കൊച്ചിയിൽ നടന്ന ഇസ്ലാമിക സമ്മേളനത്തിലാണ് സ്ത്രീകളുടെ പൊതുസാന്നിധ്യവുമായി ബന്ധപ്പെട്ട വിവാദ പരാമർശം കാന്തപുരം നടത്തിയത്. സ്ത്രീകൾ വീടുകളിൽ കഴിയണമെന്നും പൊതുവേദികളിൽ പ്രത്യക്ഷപ്പെടരുതെന്നും ഖുർആൻ നിർദേശിക്കുന്നുവെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. സ്ത്രീകളെ പൊതുവേദികളിൽ എത്തിക്കുന്നത് വലിയ നാശത്തിന് കാരണമാകുമെന്നതിനാലാണ് ഇസ്ലാം പർദ്ദ നിർബന്ധമാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീകൾ പുരുഷന്മാർക്കൊപ്പം വേദി പങ്കിടുന്നതിനെതിരെ സമസ്ത സർക്കുലർ പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു ഈ പ്രസ്താവന.
Comments ()