ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്ന് നാമം ജപിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഭർത്താവും മരിച്ചു

ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂർ കരിവേലി ഇല്ലത്ത് എൻ. ദേവദത്തൻ നമ്പൂതിരി (88) ആണ് മരിച്ചത്. ഭാര്യ ഗിരിജാദേവി അന്തർജനം (75) മരിച്ച് മണിക്കൂറുകൾക്കകമാണ് ഭർത്താവിന്റെയും മരണം

ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്ന് നാമം ജപിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഭർത്താവും മരിച്ചു

കാസർകോട്: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദമ്പതികള്‍ മരിച്ചു. ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ഭർത്താവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂർ കരിവേലി ഇല്ലത്ത് എൻ. ദേവദത്തൻ നമ്പൂതിരി (88) ആണ് മരിച്ചത്. ഭാര്യ ഗിരിജാദേവി അന്തർജനം (75) മരിച്ച് മണിക്കൂറുകൾക്കകമാണ് ഭർത്താവിന്റെയും മരണം.

കാസർകോട് വിദ്യാനഗർ പാറക്കട്ടയിലുള്ള മകൻ സതീഷ് ഡി. കരിവേലിയുടെ വീട്ടിലായിരുന്നു ഇരുവരും. കാസർകോട് ഗവ. ഗേൾസ് വിഎച്ച്എസ്എസ് അധ്യാപകനാണ് സതീഷ്. സെപ്റ്റംബർ 14ന് രാത്രി 11.30ഓടെയാണ് ഗിരിജാദേവി അന്തർജനം മരിച്ചത്. ഭാര്യയുടെ മരണം ദേവദത്തനെ അറിയിച്ചത് ഇന്നലെ രാവിലെ എട്ടോടെയായിരുന്നു.

വിവരമറിഞ്ഞതിനു പിന്നാലെ ഭാര്യയുടെ മൃതദേഹത്തിനരികിലിരുന്ന് ദേവദത്തൻ നാമജപം നടത്തുകയായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്ന് ദേവദത്തൻ നമ്പൂതിരിയുടെ സംസ്കാരം ഇരവിനല്ലൂരിലെ കരിവേലി ഇല്ലം വളപ്പിൽ നടത്തി.