മൃഗശാല നെയ്യാറിലേക്ക് മാറ്റണം, നഗരമധ്യത്തിൽ മനോഹരമായ സ്ക്വയർ; തലസ്ഥാനത്തിനായി മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതി

മൃഗശാല നഗരമധ്യത്തിൽ തന്നെ തുടരേണ്ടതുണ്ടോയെന്ന കാര്യം പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൃഗശാല നെയ്യാറിലേക്കോ സമാനമായ വനമേഖലയിലേക്കോ മാറ്റുന്നത് പരിഗണിക്കണം

മൃഗശാല നെയ്യാറിലേക്ക് മാറ്റണം, നഗരമധ്യത്തിൽ മനോഹരമായ സ്ക്വയർ; തലസ്ഥാനത്തിനായി മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതി

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന തരത്തിലുള്ള വികസനപദ്ധതിക്ക് നിർദേശവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. നിലവിൽ മൃഗശാല പ്രവർത്തിക്കുന്ന നഗരമധ്യത്തിലെ സ്ഥലം പുനർവികസിപ്പിച്ച് മാഡിസൺ സ്ക്വയറിനോ പ്രാഗിലെ പ്രശസ്ത സ്ക്വയറുകൾക്കോ സമാനമായ ആകർഷകമായ പൊതുസ്ഥലമാക്കി മാറ്റണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. തലസ്ഥാനത്ത് എത്തുന്നവർ കുറഞ്ഞത് നാലുദിവസമെങ്കിലും നഗരത്തിൽ തങ്ങുന്ന സാഹചര്യം ഒരുക്കുകയും ഈ പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കുകയും വേണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

മൃഗശാല നഗരമധ്യത്തിൽ തന്നെ തുടരേണ്ടതുണ്ടോയെന്ന കാര്യം പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൃഗശാല നെയ്യാറിലേക്കോ സമാനമായ വനമേഖലയിലേക്കോ മാറ്റുന്നത് പരിഗണിക്കണം. നഗരത്തിലെ പരിമിതമായ സാഹചര്യത്തിൽ മൃഗങ്ങളെ വളർത്തുന്നത് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ കണക്കിലെടുക്കുമ്പോൾ ക്രൂരതയ്ക്ക് തുല്യമാണെന്നും ഓരോ മൃഗത്തിനും അനുയോജ്യമായ സ്വാഭാവിക വാസസ്ഥലം ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'റീഇമാജിനിങ് കേരള' പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രി തന്റെ ആശയം പങ്കുവെച്ചത്. തലസ്ഥാന നഗരത്തിലെ ഈ പ്രദേശത്തെ ജനങ്ങളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന പ്രധാന കേന്ദ്രമാക്കി മാറ്റുക എന്നത് തന്റെ സ്വപ്ന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഈ ആഗ്രഹം ആദ്യമായാണ് പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരളം പഴയ നേട്ടങ്ങളുടെ പേരിൽ മാത്രം മുന്നോട്ടുപോകുന്ന സമീപനത്തിൽ നിന്ന് മാറേണ്ട സമയമാണിതെന്നും വി.ഡി. സതീശൻ പറഞ്ഞു. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. വിജ്ഞാന വിപ്ലവത്തിനൊപ്പം പുതിയ സാങ്കേതികവിദ്യകളും വിവിധ മേഖലകളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. സർക്കാർ പരമ്പരാഗത രീതികളിൽ മാത്രം മുന്നോട്ടുപോയാൽ യാത്ര തുടരാനാകുമെങ്കിലും ഒടുവിൽ അത് എവിടെയെങ്കിലും ഇടിച്ചുനിൽക്കുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.