മക്കൾക്ക് നിയമവിരുദ്ധ നിയമനം: കർണാടക പിഎസ്‌സി ചെയർമാനെ പുറത്താക്കി ഗവർണറുടെ ഉത്തരവ്

സാഹുക്കറിന്റെ മക്കളായ ചന്ദ്രകല, സുസ്മിത എന്നിവരുടെ നിയമനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ഗവര്‍ണറുടെ ഈ അസാധാരണ നടപടി.

മക്കൾക്ക് നിയമവിരുദ്ധ നിയമനം: കർണാടക പിഎസ്‌സി ചെയർമാനെ പുറത്താക്കി ഗവർണറുടെ ഉത്തരവ്

ബെംഗളൂരു: സ്വന്തം മക്കള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമവിരുദ്ധമായി ജോലി നല്‍കിയെന്ന ഗുരുതരമായ ആരോപണത്തെ തുടര്‍ന്ന് കര്‍ണാടക പബ്ലിക് സര്‍വീസ് കമ്മീഷന്‍ (കെപിഎസ്സി) ചെയര്‍മാന്‍ ശിവശങ്കരപ്പ എസ്. സാഹുക്കറിനെ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് സസ്‌പെന്‍ഡ് ചെയ്തു. സാഹുക്കറിന്റെ മക്കളായ ചന്ദ്രകല, സുസ്മിത എന്നിവരുടെ നിയമനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ഗവര്‍ണറുടെ ഈ അസാധാരണ നടപടി.

2018-ല്‍ ചന്ദ്രകലയെ അസിസ്റ്റന്റ് രജിസ്ട്രാറായും, 2021-ല്‍ സുസ്മിതയെ സ്റ്റേറ്റ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്മെന്റില്‍ അസിസ്റ്റന്റ് കണ്‍ട്രോളറായും നിയമിച്ചതിലാണ് അഴിമതിയും ക്രമക്കേടും ആരോപിക്കപ്പെട്ടത്. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗവര്‍ണറുടെ നേരിട്ടുള്ള ഈ കര്‍ശന ഇടപെടല്‍.