വാഹന മോഡിഫിക്കേഷൻ ഇളവിൽ നിരാശ; സർക്കുലറിനെ പരിഹസിച്ച് കെ.ബി. ഗണേഷ് കുമാർ

വാഹനങ്ങളുടെ രൂപത്തിലും സാങ്കേതിക സംവിധാനങ്ങളിലും വ്യാപകമായ മാറ്റങ്ങൾക്ക് അനുമതി നൽകുന്നതല്ല സർക്കുലറിന്റെ ഉള്ളടക്കം. നിലവിലെ നിയമപരിധിക്കുള്ളിൽ അനുവദനീയമായ ചില മാറ്റങ്ങൾ മാത്രമാണ് കർശന നിബന്ധനകളോടെ ചെയ്യാൻ കഴിയുക

വാഹന മോഡിഫിക്കേഷൻ ഇളവിൽ നിരാശ; സർക്കുലറിനെ പരിഹസിച്ച് കെ.ബി. ഗണേഷ് കുമാർ

കൊച്ചി: വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ പുതിയ സർക്കുലർ ചർച്ചയാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ വാഹന മോഡിഫിക്കേഷന് അനുമതി നൽകുമെന്ന വി.ഡി. സതീശന്റെ വാഗ്ദാനത്തിൽ പ്രതീക്ഷയർപ്പിച്ചിരുന്ന വാഹന ഉടമകൾക്ക് കാര്യമായ ഇളവുകൾ ലഭിക്കാത്തതാണ് വിവാദത്തിന് വഴിവെച്ചത്. വിഷയത്തിൽ മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ സമൂഹമാധ്യമത്തിലൂടെ വിമർശനവുമായി രംഗത്തെത്തി. “പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കേന്ദ്ര മോട്ടോർ വാഹന നിയമത്തിന് വിരുദ്ധമായി ഒരു സംസ്ഥാനത്തിന് മാത്രം പ്രത്യേക ഇളവുകൾ അനുവദിക്കാൻ കഴിയില്ലെന്ന തന്റെ മുൻ നിലപാടും അദ്ദേഹം പോസ്റ്റിലൂടെ ആവർത്തിച്ചു.

വാഹനങ്ങളുടെ രൂപത്തിലും സാങ്കേതിക സംവിധാനങ്ങളിലും വ്യാപകമായ മാറ്റങ്ങൾക്ക് അനുമതി നൽകുന്നതല്ല സർക്കുലറിന്റെ ഉള്ളടക്കം. നിലവിലെ നിയമപരിധിക്കുള്ളിൽ അനുവദനീയമായ ചില മാറ്റങ്ങൾ മാത്രമാണ് കർശന നിബന്ധനകളോടെ ചെയ്യാൻ കഴിയുക. വാഹനത്തിന്റെ നിറം മാറ്റുന്നതിന് രജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതി വാങ്ങണം. മാറ്റം ആർ.സി. രേഖകളിലും ഉൾപ്പെടുത്തേണ്ടതുണ്ട്. എൻജിനോ ഷാസിയോ മാറ്റുമ്പോൾ പഴയ ഭാഗങ്ങളുടേതിന് തുല്യമായ സവിശേഷതകളും മോഡലുമുള്ള, അതേ നിർമാതാവിന്റെ ഭാഗങ്ങൾ മാത്രമേ ഉപയോഗിക്കാനാകൂ. മറ്റൊരു വാഹനത്തിൽ നിന്നുള്ള ഭാഗങ്ങൾ ഘടിപ്പിക്കുന്നതിന് അനുമതിയില്ല.

ബോഡിയുടെ ഘടനയിൽ മാറ്റം വരുത്തുന്നതിനും കേന്ദ്ര മോട്ടോർ വാഹനച്ചട്ടങ്ങൾ പാലിക്കണം. ഇന്ധന സംവിധാനമോ പ്രൊപ്പൽഷൻ സംവിധാനമോ മാറ്റണമെങ്കിൽ അംഗീകൃത റിട്രോഫിറ്റ് അല്ലെങ്കിൽ കൺവേർഷൻ കിറ്റുകൾ ഉപയോഗിക്കണം. സർക്കാരിന്റെയോ വാഹന നിർമാതാക്കളുടെയോ അംഗീകാരമുള്ള വർക്ക്‌ഷോപ്പുകൾ വഴിയായിരിക്കണം ഇത്തരം പ്രവൃത്തികൾ നടത്തേണ്ടത്. സാധാരണ വാഹനങ്ങളെ ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ മാറ്റുന്നതിനും അംഗീകൃത കേന്ദ്രങ്ങളുടെ സേവനം നിർബന്ധമാണ്. അതിനാൽ വാഹന ഉടമകൾ പ്രതീക്ഷിച്ച തരത്തിലുള്ള സ്വതന്ത്ര മോഡിഫിക്കേഷൻ അനുമതിയല്ല സർക്കുലറിലൂടെ ലഭിച്ചിരിക്കുന്നതെന്നാണ് ഉയരുന്ന വിമർശനം.