കീം 2026 ഫലം പ്രസിദ്ധീകരിച്ചു; 79,717 പേർക്ക് എൻജിനീയറിങ് പ്രവേശന യോഗ്യത

ഈ വർഷം 79,717 വിദ്യാർഥികൾ എൻജിനീയറിങ് പ്രവേശനത്തിന് യോഗ്യത നേടിയപ്പോൾ, 29,941 പേർ ബി.ഫാം പ്രവേശനത്തിനും അർഹരായി

കീം 2026 ഫലം പ്രസിദ്ധീകരിച്ചു; 79,717 പേർക്ക് എൻജിനീയറിങ് പ്രവേശന യോഗ്യത

തിരുവനന്തപുരം: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ (കീം) 2026 പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണാണ് ഫലപ്രഖ്യാപനം നടത്തിയത്.

ഈ വർഷം 79,717 വിദ്യാർഥികൾ എൻജിനീയറിങ് പ്രവേശനത്തിന് യോഗ്യത നേടിയപ്പോൾ, 29,941 പേർ ബി.ഫാം പ്രവേശനത്തിനും അർഹരായി. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം.

എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ അങ്കമാലി സ്വദേശി റോഷൻ രാജ് ഒന്നാം റാങ്ക് നേടി. കണ്ണൂർ സ്വദേശി ധ്യാൻ തേജ് മണപ്പാട്ട് രണ്ടാം റാങ്കും തൃശൂർ സ്വദേശി വിസ്മയ മൂന്നാം റാങ്കും കരസ്ഥമാക്കി.

സംസ്ഥാനത്തെ 192 പരീക്ഷാകേന്ദ്രങ്ങളിലായി 95,016 വിദ്യാർഥികളാണ് ഇത്തവണ കീം പരീക്ഷ എഴുതിയത്.

പ്രവേശന നടപടികൾ ജൂലൈ 8 മുതൽ ആരംഭിക്കും. ആദ്യഘട്ട എൻജിനീയറിങ് അലോട്ട്‌മെന്റ് അന്നേ ദിവസം ആരംഭിക്കുമെന്നും ഓഗസ്റ്റ് 14-നകം പ്രവേശന നടപടികൾ പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു.

സിബിഎസ്ഇ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെ തുടർന്നാണ് കീം ഫലം പ്രഖ്യാപിക്കുന്നത് വൈകിയതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.