ശബരിമലയിലേക്ക് റോഡുകളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തും; 551.50 കോടി അനുവദിച്ച് സർക്കാർ
ശബരിമല ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിന് പിന്നാലെ പൊതുമരാമത്ത് മന്ത്രി സമർപ്പിച്ച നിർദേശത്തിനാണ് മുഖ്യമന്ത്രി അനുമതി നൽകിയത്. തീർത്ഥാടകർക്ക് യാത്ര കൂടുതൽ സുഗമമാക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി ഒരുക്കുന്നതിനുമാണ് പ്രധാനമായും തുക വിനിയോഗിക്കുക
തിരുവനന്തപുരം: വരാനിരിക്കുന്ന ശബരിമല തീർത്ഥാടനകാലത്തിന് മുന്നോടിയായി അടിസ്ഥാന സൗകര്യ വികസനത്തിനും റോഡ് നവീകരണത്തിനുമായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ചു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണയാണ് തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി ഏറ്റവും ഉയർന്ന തുക അനുവദിച്ചിരിക്കുന്നത്.
ശബരിമല ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിന് പിന്നാലെ പൊതുമരാമത്ത് മന്ത്രി സമർപ്പിച്ച നിർദേശത്തിനാണ് മുഖ്യമന്ത്രി അനുമതി നൽകിയത്. തീർത്ഥാടകർക്ക് യാത്ര കൂടുതൽ സുഗമമാക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി ഒരുക്കുന്നതിനുമാണ് പ്രധാനമായും തുക വിനിയോഗിക്കുക.
2024-25ൽ ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി 326.97 കോടി രൂപയായിരുന്നു അനുവദിച്ചത്. 2025-26ൽ ഇത് 377.80 കോടി രൂപയായി ഉയർന്നു. ഇതിൽനിന്ന് ഗണ്യമായ വർധനവോടെയാണ് ഇത്തവണ 551.50 കോടി രൂപ വകയിരുത്തിയിരിക്കുന്നത്.
തീർത്ഥാടകരുടെ വർധിച്ചുവരുന്ന എണ്ണം കണക്കിലെടുത്ത് റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് സർക്കാർ ഇത്തവണ കൂടുതൽ തുക മാറ്റിവച്ചത്. തീർത്ഥാടനകാലത്ത് യാത്രാസൗകര്യങ്ങളും മറ്റ് അടിസ്ഥാന സംവിധാനങ്ങളും കാര്യക്ഷമമാക്കുന്നതിനുള്ള പ്രവൃത്തികൾ ഇതിന്റെ ഭാഗമായി നടപ്പാക്കും.
Comments ()