ലഹരി ഉപയോഗം തടയാം; സ്‌കൂള്‍ കുട്ടികളുടെ ബാഗ് അധ്യാപകര്‍ക്ക്‌ പരിശോധിക്കാമെന്ന് ബാലാവകാശ കമ്മീഷന്‍

കുട്ടികളുടെ അച്ചടക്ക വിഷയങ്ങളില്‍ അധ്യാപകര്‍ നിയമ നടപടികള്‍ സ്വീകരിക്കണം

ലഹരി ഉപയോഗം തടയാം; സ്‌കൂള്‍ കുട്ടികളുടെ ബാഗ് അധ്യാപകര്‍ക്ക്‌ പരിശോധിക്കാമെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനായി നിര്‍ണായക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ അധ്യാപകര്‍ക്ക് പരിശോധിക്കാമെന്നും ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളൊന്നും അതിലില്ലെന്ന് ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. മുൻപ് കുട്ടികളുടെ അന്തസ്സിന് ക്ഷതമേല്‍ക്കുമെന്ന കാരണത്താല്‍ ബാഗ് പരിശോധന തടഞ്ഞിരുന്നുവെങ്കിലും, ലഹരി ഉപയോഗിക്കുന്നതായി സംശയം തോന്നുന്ന സാഹചര്യങ്ങളില്‍ പരിശോധന നടത്താമെന്നും ഇതിന്റെ പേരില്‍ നടപടികള്‍ ഉണ്ടാകില്ലെന്നുമാണ് പുതിയ ഉത്തരവിലെ പ്രധാന മാറ്റം.

വിദ്യാര്‍ത്ഥികളുടെ അച്ചടക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അധ്യാപകര്‍ നിയമപരമായ ഇടപെടലുകള്‍ നടത്തണം. എന്നാല്‍ കുട്ടികളെ ക്ലാസില്‍ നിന്ന് പുറത്താക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ചെയ്യരുത്. അച്ചടക്ക ലംഘനങ്ങളിലോ ലഹരി ഉപയോഗത്തിലോ അധ്യാപകര്‍ക്ക് നേരിട്ട് ഇടപെടാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ നിയമാനുസൃതമായ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തിലുണ്ട്.