ഉറങ്ങിക്കിടന്ന മലയാളികളെ കെട്ടിയിട്ട് മർദിച്ചു; റിയാദിൽ 10 ലക്ഷം റിയാലിന്റെ കവർച്ച
സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ പട്ടാമ്പി നെല്ലിക്കാട്ടിൽ ഇസ്മായിൽ, ചങ്ങരംകുളം മൂക്കുതല സ്വദേശി മുസ്തഫ, കണ്ണൂർ സ്വദേശികളായ അസ്ലം, അനീഷ്, ശിബിൽ, അബ്ദുൽ വഹാബ്, മുസ്തഫ ബ്ലാത്തൂർ, ശംസീർ പെരുവളത്ത് പറമ്പ്, ഹാരിസ് ബ്ലാത്തൂർ എന്നിവരാണ് ആക്രമണത്തിനിരയായത്
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ താമസസ്ഥലത്ത് അതിക്രമിച്ചുകയറിയ സംഘം പ്രവാസി മലയാളികളെ ആക്രമിച്ച് വൻ കവർച്ച നടത്തി. നസീമിലെ ഫ്‌ളാറ്റിൽ ഉറങ്ങിക്കിടന്നിരുന്നവരെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മർദിച്ച ശേഷമാണ് സംഘം പണവും സിഗരറ്റും ഉൾപ്പെടെ ഏകദേശം 10 ലക്ഷം റിയാലിന്റെ സാധനങ്ങൾ കവർന്നത്. സംഭവത്തിൽ ഒട്ടേറെ മലയാളികൾക്ക് പരിക്കേറ്റു.
പാകിസ്ഥാൻ, അറബ് വംശജർ ഉൾപ്പെടുന്ന 15 അംഗ സംഘമാണ് കഴിഞ്ഞ ദിവസം പുലർച്ചെ 2.30ഓടെ ഫ്‌ളാറ്റിൽ എത്തിയത്. സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ പട്ടാമ്പി നെല്ലിക്കാട്ടിൽ ഇസ്മായിൽ, ചങ്ങരംകുളം മൂക്കുതല സ്വദേശി മുസ്തഫ, കണ്ണൂർ സ്വദേശികളായ അസ്ലം, അനീഷ്, ശിബിൽ, അബ്ദുൽ വഹാബ്, മുസ്തഫ ബ്ലാത്തൂർ, ശംസീർ പെരുവളത്ത് പറമ്പ്, ഹാരിസ് ബ്ലാത്തൂർ എന്നിവരാണ് ആക്രമണത്തിനിരയായത്.
ഫ്‌ളാറ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന ടൊയോട്ട ഹായിസ് വാനും കൊറോള കാറും കുത്തിത്തുറന്ന സംഘം ഏകദേശം ആറു ലക്ഷം റിയാൽ വിലമതിക്കുന്ന സിഗരറ്റും മൂന്ന് ലക്ഷം റിയാൽ പണവും കൈക്കലാക്കിയെന്നാണ് പരാതി. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന കണ്ണൂർ സ്വദേശി ശിഹാബിന്റെ 40,000 റിയാൽ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവയും നഷ്ടപ്പെട്ടു. പിന്നീട് കവർന്ന വാഹനങ്ങൾ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ശംസീറും ഹാരിസും തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങി. സംഭവത്തിൽ റിയാദ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
Comments ()