ഉപഭോഗം കുതിച്ചു, ലഭ്യത കുറഞ്ഞു; വൈദ്യുതി പ്രതിസന്ധിയിൽ ഇന്ന് നിർണായക ചർച്ച

വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതിനൊപ്പം ഗ്രിഡിലെ ഫ്രീക്വൻസി കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാകാൻ കാരണമായി. ഇതേത്തുടർന്ന് സതേൺ റീജിയൻ ലോഡ് ഡെസ്പാച്ച് സെന്ററിന് ഇടപെടേണ്ട സാഹചര്യമുണ്ടായി.

ഉപഭോഗം കുതിച്ചു, ലഭ്യത കുറഞ്ഞു; വൈദ്യുതി പ്രതിസന്ധിയിൽ ഇന്ന് നിർണായക ചർച്ച

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് ഇന്ന് ഉന്നതതല യോഗം ചേരും. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ചേംബറിൽ രാവിലെ 11 മണിക്കാണ് യോഗം. കെഎസ്ഇബി ചെയർമാനും ബോർഡ് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും.

വേനൽച്ചൂട് ശക്തമായതോടെ വൈദ്യുതി ഉപഭോഗം കുതിച്ചുയർന്ന സാഹചര്യത്തിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ സർക്കാർ-കെഎസ്ഇബി തലത്തിൽ വീഴ്ചയുണ്ടായെന്ന വിമർശനം ശക്തമാണ്. നിലവിലെ സാഹചര്യവും പ്രതിസന്ധി മറികടക്കുന്നതിനുള്ള അടിയന്തര നടപടികളും യോഗത്തിൽ വിലയിരുത്തും.

വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതിനൊപ്പം ഗ്രിഡിലെ ഫ്രീക്വൻസി കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാകാൻ കാരണമായി. ഇതേത്തുടർന്ന് സതേൺ റീജിയൻ ലോഡ് ഡെസ്പാച്ച് സെന്ററിന് ഇടപെടേണ്ട സാഹചര്യമുണ്ടായി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വൈദ്യുതി ലഭ്യത കുറഞ്ഞതും കേരളത്തിന് തിരിച്ചടിയായി. മഴയെ തുടർന്ന് കൽക്കരി ലഭ്യത കുറഞ്ഞതോടെ ഉത്തരേന്ത്യയിലെ വൈദ്യുതോൽപാദനത്തിൽ കുറവുണ്ടായി. ഇതിന്റെ ഭാഗമായി കേരളത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതത്തിലും കുറവുണ്ടായി.

പീക്ക് സമയത്തെ അധിക വൈദ്യുതി ആവശ്യകത നിറവേറ്റാൻ കെഎസ്ഇബിക്ക് ഉറപ്പാക്കിയ ഹ്രസ്വകാല വൈദ്യുതി കരാറിന്റെ അഭാവവും പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കി. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഉപഭോഗം ഉയർന്നതോടെ പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യമായ അളവിൽ വൈദ്യുതി വാങ്ങാനും കഴിയാത്ത സ്ഥിതിയാണ്.

വൈദ്യുതി ലഭ്യതയിലെ കുറവ് ഒടുവിൽ സംസ്ഥാനത്ത് ഒന്നിലധികം തവണ പവർകട്ട് ഏർപ്പെടുത്തേണ്ട സാഹചര്യത്തിലേക്കാണ് നയിച്ചത്. പ്രതിസന്ധി മറികടക്കാൻ സ്വീകരിക്കേണ്ട അടിയന്തര നടപടികൾക്ക് ഇന്നത്തെ യോഗം നിർണായകമാകും.