വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; അടുത്ത രണ്ട് ദിവസം നിയന്ത്രണ സാധ്യത കുറവ്

പീക്ക് സമയത്തെ ആവശ്യകത നിറവേറ്റുന്നതിനായി മധ്യപ്രദേശിൽനിന്ന് സ്വാപ് വ്യവസ്ഥയിൽ 200 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കും. റിയൽ ടൈം മാർക്കറ്റിൽനിന്നും ആവശ്യമായ വൈദ്യുതി ലഭ്യമാകുന്നുണ്ട്

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; അടുത്ത രണ്ട് ദിവസം നിയന്ത്രണ സാധ്യത കുറവ്

തിരുവനന്തപുരം: വൈദ്യുതി ക്ഷാമം നേരിടുന്നതിനുള്ള അടിയന്തര ക്രമീകരണങ്ങൾ ഫലം കണ്ടതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനുള്ള സാധ്യത തൽക്കാലം കുറഞ്ഞു. കേന്ദ്ര നിലയങ്ങളിൽനിന്നുള്ള അധിക വൈദ്യുതി ലഭ്യതയാണ് കെഎസ്ഇബിക്ക് ആശ്വാസമായത്.

പീക്ക് സമയത്തെ ആവശ്യകത നിറവേറ്റുന്നതിനായി മധ്യപ്രദേശിൽനിന്ന് സ്വാപ് വ്യവസ്ഥയിൽ 200 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കും. റിയൽ ടൈം മാർക്കറ്റിൽനിന്നും ആവശ്യമായ വൈദ്യുതി ലഭ്യമാകുന്നുണ്ട്. ഇതോടെ ഉയർന്ന ഉപഭോഗം മൂലമുണ്ടായിരുന്ന സമ്മർദം കുറയ്ക്കാൻ സാധിച്ചതായി കെഎസ്ഇബി അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നതിനെ തുടർന്ന് ചില മേഖലകളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ വൈദ്യുതി ലഭ്യത ഉറപ്പായതോടെ നിയന്ത്രണം ഏർപ്പെടുത്താതെ വിതരണം മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.

ഇന്ന് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിലെ ലഭ്യതയും സംസ്ഥാനത്തെ ഉപഭോഗവും നിരീക്ഷിച്ചാകും തുടർന്നുള്ള ദിവസങ്ങളിലെ തീരുമാനം കൈക്കൊള്ളുകയെന്നും കെഎസ്ഇബി വ്യക്തമാക്കി.