സംസ്ഥാനത്ത് കടുത്ത സാമ്പത്തിക ഞെരുക്കം: പണം ചെലവഴിക്കുന്നതിൽ നിയന്ത്രണം ശക്തമാക്കുന്നു

ചെലവ് കൂട്ടരുതെന്നും പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റില്‍ കവിയരുതെന്നും നിര്‍ദേശം നല്‍കി

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക ഞെരുക്കം: പണം ചെലവഴിക്കുന്നതിൽ നിയന്ത്രണം ശക്തമാക്കുന്നു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ ചെലവ് കൂട്ടരുതെന്ന് വകുപ്പുകളോട് ധനവകുപ്പിന്റെ നിര്‍ദേശം. ചെലവ് കൂട്ടരുതെന്നും പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റില്‍ കവിയരുതെന്നും നിര്‍ദേശം നല്‍കി. അടുത്ത ബജറ്റ് മുന്നൊരുക്കത്തിനുള്ള സര്‍ക്കുലറിലാണ് നിര്‍ദേശം..

സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികള്‍ ഒഴിവാക്കണം. മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം. അധികം വരുന്ന ജീവനക്കാരെ പിരിച്ചുവിടേണ്ടെന്നും പുതുതായി വരുന്ന ഒഴിവുകളിലേയ്ക്ക് നിയമിക്കാമെന്നും പറയുന്നു. ശമ്പള ചെലവ് കൃത്യമായി കണക്കാക്കണം. ചെലവില്‍ മുന്‍വര്‍ഷത്തെക്കാള്‍ കൂടുതലെങ്കില്‍ കാരണം വിശദീകരിക്കണമെന്നും പറയുന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ റവന്യൂ വരുമാനം 33311.21 കോടിയായിരുന്നു. മുന്‍ വര്‍ഷത്തെക്കാള്‍ കൂടിയെങ്കിലും ചെലവും കടമെടുപ്പും കൂടി. ഭരണം മാറിയെങ്കിലും ഖജനാവില്‍ പണം നിറഞ്ഞു തുടങ്ങിയില്ല. ഈ സാഹചര്യത്തിലാണ് ഞെരുക്കം പറഞ്ഞ് മുണ്ടു മുറുക്കാനും അടുത്ത സാമ്പത്തിക വര്‍ഷത്തിലും കണക്കു കൂട്ടി നീങ്ങാനും വകുപ്പുകള്‍ക്ക് ധനവകുപ്പിന്റെ സര്‍ക്കുലര്‍.