1.9 കോടി രൂപയുടെ തട്ടിപ്പ് ആരോപണം; നിവിൻ പോളിക്കും എബ്രിഡ് ഷൈനും എതിരായ കേസ് റദ്ദാക്കി
ഇരുവിഭാഗങ്ങളും തർക്കങ്ങൾ പരസ്പര ധാരണയിലൂടെ പരിഹരിച്ചതും ഇനി പരാതികളില്ലെന്ന് അറിയിച്ചതുമാണ് കേസുകൾ അവസാനിപ്പിക്കാൻ കോടതി പരിഗണിച്ചത്
കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസും, നിവിൻ പോളിയുടെ ഒപ്പ് വ്യാജമായി ഉപയോഗിച്ചെന്ന പരാതിയിൽ നിർമ്മാതാവ് പി.എസ്. ഷംനാസിനെതിരെ രജിസ്റ്റർ ചെയ്ത കേസും കേരള ഹൈക്കോടതി റദ്ദാക്കി. ഇരുവിഭാഗങ്ങളും തർക്കങ്ങൾ പരസ്പര ധാരണയിലൂടെ പരിഹരിച്ചതും ഇനി പരാതികളില്ലെന്ന് അറിയിച്ചതുമാണ് കേസുകൾ അവസാനിപ്പിക്കാൻ കോടതി പരിഗണിച്ചത്.
1.9 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്നാരോപിച്ച് നിർമ്മാതാവ് പി.എസ്. ഷംനാസ് നൽകിയ പരാതിയിലാണ് തലയോലപ്പറമ്പ് പൊലീസ് നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിൽ സമർപ്പിച്ച രേഖകളിൽ നിവിൻ പോളിയുടെ ഒപ്പ് കൃത്രിമമായി രേഖപ്പെടുത്തിയെന്ന പരാതിയിൽ ഷംനാസിനെതിരെയും പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. ഈ രണ്ട് കേസുകളിലെയും തുടർനടപടികൾ റദ്ദാക്കണമെന്ന ആവശ്യങ്ങളാണ് ഹൈക്കോടതിയുടെ പരിഗണനയിലെത്തിയത്.
ഇരുപക്ഷവും ഒത്തുതീർപ്പിലെത്തിയെന്ന കാര്യം പബ്ലിക് പ്രോസിക്യൂട്ടറും കോടതിയെ അറിയിച്ചു. കേസ് സംബന്ധിച്ച രേഖകളും സാഹചര്യങ്ങളും വിലയിരുത്തിയ ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ, തർക്കങ്ങൾ പരിഹരിച്ച സാഹചര്യത്തിൽ ക്രിമിനൽ നടപടികൾ തുടരുന്നതിൽ പ്രസക്തിയില്ലെന്ന് നിരീക്ഷിച്ചു. കുറ്റങ്ങളുടെ സ്വഭാവവും തുടർവിചാരണയുടെ സാധ്യതകളും കണക്കിലെടുത്ത് നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നത് കോടതിയുടെ സമയം പാഴാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ബന്ധപ്പെട്ട ക്രിമിനൽ കേസുകളിലെ നടപടികൾ പൂർണമായി റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടു.
Comments ()