സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിച്ചതിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ഉൾപ്പെടെയുള്ള 7 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്.
കൂടാതെ, ചൊവ്വാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലും, ബുധനാഴ്ച തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിലും, വ്യാഴാഴ്ച ഇടുക്കി മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് പുറമെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Comments ()