വൈദ്യുതി പ്രതിസന്ധി രൂക്ഷം; 10 വർഷമായി അടഞ്ഞുകിടക്കുന്ന കായംകുളം നിലയം വീണ്ടും പ്രവർത്തിക്കുമോ?, വീണ്ടും ചര്‍ച്ചയില്‍
എൻടിപിസിയുടെ 350 മെഗാവാട്ട് ശേഷിയുള്ള രാജീവ് ഗാന്ധി കംബൈൻഡ് സൈക്കിൾ പവർ പ്ലാന്റിൽ ഉത്പാദനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവമായതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു
ആലപ്പുഴ: സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത ഉയരുന്നതിനിടെ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന കായംകുളം വൈദ്യുതി നിലയം വീണ്ടും പ്രസക്തമാകുന്നു. എൻടിപിസിയുടെ 350 മെഗാവാട്ട് ശേഷിയുള്ള രാജീവ് ഗാന്ധി കംബൈൻഡ് സൈക്കിൾ പവർ പ്ലാന്റിൽ ഉത്പാദനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവമായതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. എൻടിപിസി അധികൃതരുമായി വിഷയം ചർച്ച ചെയ്തതായും ഉത്പാദനം പുനരാരംഭിക്കുന്നതിനോട് കമ്പനി അനുകൂലമായാണ് പ്രതികരിച്ചതെന്നും മന്ത്രി പറഞ്ഞു.
കായംകുളം നിലയം പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായി. നാഫ്ത ഉപയോഗിച്ചുള്ള ഉത്പാദനം സാമ്പത്തികമായി ചെലവേറിയതായതോടെയാണ് നിലയത്തിന്റെ പ്രവർത്തനം നിലച്ചത്. നിലവിലെ സാഹചര്യത്തിൽ നാഫ്തയുടെ വില ടണ്ണിന് ഏകദേശം 50,000 രൂപയിലെത്തിയതിനാൽ ഇവിടെനിന്നുള്ള വൈദ്യുതിയുടെ ഉത്പാദനച്ചെലവ് യൂണിറ്റിന് 15 മുതൽ 20 രൂപ വരെ വരുമെന്നാണ് എൻടിപിസിയുടെ കണക്ക്. ജലവൈദ്യുതിയുൾപ്പെടെയുള്ള മറ്റ് സ്രോതസുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഉയർന്ന നിരക്കാണ്.
എന്നാൽ അടിയന്തരമായി അധിക വൈദ്യുതി ആവശ്യമായി വരുന്ന സമയങ്ങളിൽ നിലയം വീണ്ടും ഉപയോഗിക്കാനുള്ള സാധ്യതയാണ് ഇപ്പോൾ പരിഗണിക്കുന്നത്. കെഎസ്ഇബി ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ ഉത്പാദനം പുനരാരംഭിക്കാൻ തയ്യാറാണെന്ന് എൻടിപിസി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നാഫ്ത കൊച്ചിയിൽ നിന്ന് എത്തിച്ച് പ്ലാന്റിൽ ഉപയോഗിക്കുന്നതിനുള്ള ഒരുക്കങ്ങൾക്ക് കുറഞ്ഞത് 45 ദിവസം വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.
ഇതിനിടെ കായംകുളം നിലയത്തിന് മറ്റൊരു സാധ്യതയും തുറക്കുകയാണ്. കൊച്ചിയിൽനിന്ന് കന്യാകുമാരി വഴി തൂത്തുക്കുടിയിലേക്ക് പ്രകൃതിവാതകം എത്തിക്കുന്ന 424.65 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ്‌ലൈൻ പദ്ധതിക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 2,448.70 കോടി രൂപയുടെ നിക്ഷേപത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. കൊച്ചി എൽഎൻജി ടെർമിനലിൽനിന്നുള്ള റീഗ്യാസിഫൈഡ് എൽഎൻജി തെക്കൻ കേരളത്തിലേക്കും തമിഴ്നാട്ടിലെ ആവശ്യകേന്ദ്രങ്ങളിലേക്കും എത്തിക്കുന്നതിനാണ് പദ്ധതി. പൈപ്പ്‌ലൈന് പ്രതിദിനം 6.84 മില്യൺ സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ വരെ വാതകം കൈമാറാനുള്ള ശേഷിയുണ്ടാകും.
പ്രകൃതിവാതക ലഭ്യത ഉറപ്പാകുന്നതോടെ കായംകുളം നിലയം പീക്ക് ഡിമാൻഡ് സമയങ്ങളിൽ ഉപയോഗപ്പെടുത്താനുള്ള സാധ്യത വർധിക്കുമെന്നാണ് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടത്. ഗ്രിഡിലെ സമ്മർദം കുറയ്ക്കാനും വിലകൂടിയ പീക്ക് പവർ വാങ്ങുന്നതിലുള്ള ആശ്രിതത്വം കുറയ്ക്കാനും ഇത് സഹായിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിലയം പ്രകൃതിവാതകത്തിലേക്ക് മാറ്റുന്നതിന്റെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകൾ കൂടി പരിശോധിക്കേണ്ടതുണ്ട്.
നേരത്തെ പുതുവൈപ്പിലെ എൽഎൻജി ടെർമിനൽ പ്രയോജനപ്പെടുത്തി കായംകുളം നിലയത്തെ പ്രകൃതിവാതക അധിഷ്ഠിതമാക്കാനുള്ള നീക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും ആവശ്യമായ പൈപ്പ്‌ലൈൻ പദ്ധതിക്ക് മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിഷേധം നേരിട്ടതോടെ അത് ഉപേക്ഷിക്കുകയായിരുന്നു. പുതിയ ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർഥ്യമാകുന്നതോടെ കായംകുളം നിലയത്തിന്റെ ഭാവി വീണ്ടും ചർച്ചയാകുകയാണ്.
Comments ()