‘മലപ്പുറം യാത്ര സർക്കാർ ചെലവിലല്ല,ആരാണ് പണം മുടക്കിയതെന്ന് പറയേണ്ട കാര്യമെന്ത്?’; ചാർട്ടേഡ് വിമാനം വിവാദത്തിൽ വിഡി സതീശൻ
യാത്രയുടെ ചെലവിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്
തിരുവനന്തപുരം: മലപ്പുറം മഴക്കെടുതി വിലയിരുത്താൻ ചാർട്ടേഡ് വിമാനത്തിൽ നടത്തിയ യാത്രയുടെ ചെലവ് ആരാണ് വഹിച്ചതെന്ന് വെളിപ്പെടുത്താനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാർ പണം ചെലവഴിച്ചല്ല യാത്ര നടത്തിയതെന്നും പരിചയക്കാരനായ ഒരു മലയാളിയാണ് വിമാനം ഏർപ്പാടാക്കിയതെന്നും സതീശൻ വ്യക്തമാക്കി.
യാത്രയുടെ ചെലവിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. മലപ്പുറത്ത് വലിയ ദുരന്തമുണ്ടായ സാഹചര്യത്തിൽ അവിടേക്ക് നേരിട്ടെത്തേണ്ടത് ആവശ്യമായിരുന്നുവെന്നും, യാത്ര ചെയ്യാതിരുന്നാൽ ദുരന്തമുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥലത്തെത്തിയില്ലെന്ന വിമർശനം ഉയരുമായിരുന്നുവെന്നും സതീശൻ പറഞ്ഞു.
പരിചയമുള്ള ഒരാൾ വിമാനം ക്രമീകരിച്ച് നൽകിയതിൽ എന്താണ് തെറ്റെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇത്തരത്തിൽ വിമാനയാത്ര ഏർപ്പാട് ചെയ്യുന്നവർക്ക് പകരമായി എന്തെങ്കിലും ആനുകൂല്യം നൽകുന്നില്ലെന്നും സതീശൻ പറഞ്ഞു. ആവശ്യമായ സാഹചര്യങ്ങളിൽ ഇനിയും ഇത്തരം യാത്രകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻ ചാണ്ടിയും വിമാനയാത്ര നടത്തിയിട്ടുണ്ടെന്നും, പ്രതിപക്ഷത്തായിരുന്നപ്പോൾ പിണറായി വിജയൻ ആരുടെ വിമാനത്തിലാണ് യാത്ര ചെയ്തതെന്ന് താൻ ചോദിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു. ഔദ്യോഗിക ആവശ്യത്തിനായുള്ള മലപ്പുറം യാത്രയിൽ സർക്കാർ ഖജനാവിന് ചെലവുണ്ടായിട്ടില്ലെന്നതാണ് പ്രധാന കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഔദ്യോഗിക ആവശ്യത്തിനായി സ്വകാര്യ വിമാനം ഉപയോഗിച്ചതും യാത്രയുടെ ചെലവ് വഹിച്ചത് ആരാണെന്ന വിവരവും വ്യക്തമാക്കണമെന്ന ആവശ്യം പ്രതിപക്ഷത്ത് നിന്നും ഉയർന്നിട്ടുണ്ട്. സർക്കാർ വൃത്തങ്ങൾ നേരത്തെ വിമാനം സൗജന്യമായാണ് ലഭിച്ചതെന്നും സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.
Comments ()