കൈയിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയ; 45കാരിക്ക് ദാരുണാന്ത്യം, ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ
16ന് തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിലായിരുന്നു വിദ്യയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനിലയിൽ കാര്യമായ തകരാറുണ്ടായതായാണ് ബന്ധുക്കളുടെ ആരോപണം
പത്തനംതിട്ട: കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില ഗുരുതരമായ 45കാരി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വിജി വിദ്യയാണ് മരിച്ചത്. സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായെന്നാരോപിച്ച് ബന്ധുക്കൾ തിരുവല്ല പൊലീസിൽ പരാതി നൽകി.
16ന് തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിലായിരുന്നു വിദ്യയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനിലയിൽ കാര്യമായ തകരാറുണ്ടായതായാണ് ബന്ധുക്കളുടെ ആരോപണം. നില വഷളായതോടെ വിദ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയായിരുന്നു.
ചികിത്സയ്ക്കിടെ ഇന്നലെ രാത്രിയോടെയാണ് വിദ്യ മരിച്ചത്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടുണ്ടായ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കൾ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.
അതേസമയം, ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സ്വകാര്യ ക്ലിനിക്കിന്റെ വിശദീകരണം. ശസ്ത്രക്രിയയ്ക്കിടെ വിദ്യയ്ക്ക് ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില ഗുരുതരമാകാൻ കാരണമെന്നും ക്ലിനിക് അധികൃതർ വ്യക്തമാക്കി. മരണത്തിന്റെ യഥാർഥ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണത്തിലൂടെയും തുടർനടപടികളിലൂടെയും വ്യക്തത വരേണ്ടതുണ്ട്.
Comments ()