വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നു; അധിക വൈദ്യുതിക്കായി കെഎസ്ഇബി ഉത്തരേന്ത്യയിലേക്ക്

സംസ്ഥാനത്തിന്റെ നിലവിലെ വൈദ്യുതി ആവശ്യകതയും ലഭ്യതക്കുറവും കണക്കിലെടുത്ത് അധിക വൈദ്യുതി ഉറപ്പാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ന് രാവിലെ ചേർന്ന ഉന്നതതലയോഗത്തിലാണ് വിവിധ സംസ്ഥാനങ്ങളുമായി നേരിട്ട് ചർച്ച നടത്താൻ തീരുമാനമായത്

വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നു; അധിക വൈദ്യുതിക്കായി കെഎസ്ഇബി ഉത്തരേന്ത്യയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയിലെ കുറവ് പരിഹരിക്കാൻ അടിയന്തര നീക്കവുമായി കെഎസ്ഇബി. അധിക വൈദ്യുതി ഉറപ്പാക്കുന്നതിനായി ബോർഡ് ഡയറക്ടർമാർ നാളെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോകും. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നിവിടങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംഘം നേരിട്ട് ചർച്ച നടത്തും.

സംസ്ഥാനത്തിന്റെ നിലവിലെ വൈദ്യുതി ആവശ്യകതയും ലഭ്യതക്കുറവും കണക്കിലെടുത്ത് അധിക വൈദ്യുതി ഉറപ്പാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ന് രാവിലെ ചേർന്ന ഉന്നതതലയോഗത്തിലാണ് വിവിധ സംസ്ഥാനങ്ങളുമായി നേരിട്ട് ചർച്ച നടത്താൻ തീരുമാനമായത്. പ്രതിസന്ധി നീണ്ടുപോകാതിരിക്കാനുള്ള അടിയന്തര നടപടികളുടെ ഭാഗമായാണ് കെഎസ്ഇബിയുടെ നീക്കം.

അതിനിടെ, വായ്പ അടിസ്ഥാനത്തിൽ ലഭിക്കേണ്ട 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭ്യമാകില്ലെന്ന് വ്യക്തമായി. ഇതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. പകരം 50 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള താൽക്കാലിക ക്രമീകരണം കെഎസ്ഇബി ഏർപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ സംസ്ഥാനത്തിന്റെ ആവശ്യത്തിന് അനുസരിച്ച് വൈദ്യുതി ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യം തുടരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. അധിക വൈദ്യുതി കണ്ടെത്തുന്നതിനായി വിവിധ തലങ്ങളിൽ അടിയന്തര ഇടപെടലുകൾ ശക്തമാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.