ചക്രവാതച്ചുഴിയും ന്യൂനമർദ്ദപ്പാത്തിയും; സംസ്ഥാനത്ത് മഴ കനക്കും, ഏഴ് ജില്ലകൾ ജാഗ്രതയിൽ

അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ടാകും

ചക്രവാതച്ചുഴിയും ന്യൂനമർദ്ദപ്പാത്തിയും; സംസ്ഥാനത്ത് മഴ കനക്കും, ഏഴ് ജില്ലകൾ ജാഗ്രതയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദപ്പാത്തിയുടെയും സ്വാധീനം തുടരുന്നതിനാൽ ഇന്ന് ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ടാകും. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 24 മണിക്കൂറിനിടെ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. തെക്കൻ കേരള തീരത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിൽ 5.8 കിലോമീറ്റർ ഉയരത്തിൽ ഒരു ചക്രവാതച്ചുഴിയും വടക്കൻ തമിഴ്നാടിന് മുകളിൽ സമാന ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിനുപുറമെ, മന്നാർ കടലിടുക്കിൽ നിന്ന് തമിഴ്നാട്, കർണാടക മേഖലകളിലൂടെ മധ്യ മഹാരാഷ്ട്രയിലേക്ക് നീളുന്ന ന്യൂനമർദ്ദപ്പാത്തിയും സജീവമാണ്. ഈ കാലാവസ്ഥാ സംവിധാനങ്ങളുടെ സംയുക്ത സ്വാധീനമാണ് സംസ്ഥാനത്തെ മഴയ്ക്ക് കാരണമാകുന്നതെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.