കേരളത്തിൽ ഇന്നും മഴ ശക്തമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തീരദേശ മേഖലകളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലം ജില്ലയിലെ ആലപ്പാട്ട് മുതൽ ഇടവ വരെയും ഇന്ന് രാത്രി 11.30 മുതൽ നാളെ രാത്രി 11.30 വരെ 0.8 മുതൽ 1.4 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്

കേരളത്തിൽ ഇന്നും മഴ ശക്തമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

തീരദേശ മേഖലകളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലം ജില്ലയിലെ ആലപ്പാട്ട് മുതൽ ഇടവ വരെയും ഇന്ന് രാത്രി 11.30 മുതൽ നാളെ രാത്രി 11.30 വരെ 0.8 മുതൽ 1.4 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 മുതൽ നാളെ രാവിലെ 11.30 വരെ 1.2 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാമെന്നും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. സാധ്യത കണക്കിലെടുത്ത് തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.

അതേസമയം, കടൽ മേഖലകളിലെ മോശം കാലാവസ്ഥ കണക്കിലെടുത്ത് മത്സ്യബന്ധനത്തിനും നിയന്ത്രണമുണ്ട്. ആൻഡമാൻ കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില സമയങ്ങളിൽ 65 കിലോമീറ്റർ വരെയും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ആൻഡമാൻ കടലിനോടു ചേർന്ന തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും കാറ്റിന് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ ഈ മാസം 21 വരെ പ്രസ്തുത മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം.