മുല്ലപ്പെരിയാർ ജലനിരപ്പ്142 അടിക്ക് മുകളിൽ അനുവദിക്കില്ല; നിലപാട് ആവർത്തിച്ച് കേരളം

കേരളത്തിന്റെ സുരക്ഷാ ആശങ്കകൾ കൂടി പരിഗണിച്ചാണ് സുപ്രീംകോടതി നിലവിലെ ജലനിരപ്പ് നിശ്ചയിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആ പരിധിയിൽ ഏകപക്ഷീയമായി മാറ്റം വരുത്താൻ ഒരു സംസ്ഥാനത്തിനും അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുല്ലപ്പെരിയാർ ജലനിരപ്പ്142 അടിക്ക് മുകളിൽ  അനുവദിക്കില്ല; നിലപാട് ആവർത്തിച്ച് കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കേരളം നിലപാട് വീണ്ടും വ്യക്തമാക്കി. അണക്കെട്ടിലെ ജലനിരപ്പ് 142 അടിക്ക് മുകളിൽ ഉയർത്താൻ ഒരു സാഹചര്യത്തിലും സമ്മതിക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.

കേരളത്തിന്റെ സുരക്ഷാ ആശങ്കകൾ കൂടി പരിഗണിച്ചാണ് സുപ്രീംകോടതി നിലവിലെ ജലനിരപ്പ് നിശ്ചയിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആ പരിധിയിൽ ഏകപക്ഷീയമായി മാറ്റം വരുത്താൻ ഒരു സംസ്ഥാനത്തിനും അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ ആവശ്യത്തിൽ മാറ്റമില്ലെന്നും, നിലവിലെ അണക്കെട്ടിന് പകരം സുരക്ഷിതമായ പുതിയ ഡാം നിർമിക്കുകയാണ് ദീർഘകാല പരിഹാരമെന്ന നിലപാട് തുടരുമെന്നും മന്ത്രി പറഞ്ഞു. തമിഴ്നാടിന്റെ ജലാവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം കേരളത്തിലെ ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കുന്ന രീതിയിലാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തിൽ സമവായം കണ്ടെത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തമിഴ്നാട് സർക്കാരുമായി ചർച്ചകൾക്ക് ശ്രമം തുടരുകയാണെന്നും മന്ത്രി അറിയിച്ചു. എന്നാൽ ആ നീക്കത്തോട് തമിഴ്നാട് എങ്ങനെ പ്രതികരിക്കുമെന്നത് കാത്തിരുന്ന് കാണേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനകൾ തൃപ്തികരമായി നടന്നിട്ടില്ലെന്ന ആശങ്കയും മന്ത്രി ഉയർത്തി. അതേസമയം, നിലവിലുള്ള കരാറുകളും ട്രൈബ്യൂണൽ വിധികളും കോടതിയുടെ നിർദേശങ്ങളും അടിസ്ഥാനമാക്കി ജലനിരപ്പ് ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് ബജറ്റിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കുമെന്നും തമിഴ്നാട് സർക്കാർ ആവർത്തിച്ചിട്ടുണ്ട്.