അയ്യപ്പഭക്തർക്ക് ഇനി കേരളത്തിന്റെ രുചി; ശബരിമലയിൽ പുലാവിന് പകരം കേരള സദ്യ വിളമ്പിത്തുടങ്ങി

മുൻവർഷങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തരെ കൂടി പരിഗണിച്ചാണ് അന്നദാനത്തിൽ പുലാവ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തവണ കേരളത്തിന്റെ ഭക്ഷണസംസ്കാരം തീർഥാടകർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സദ്യയ്ക്ക് പ്രാധാന്യം നൽകിയത്

അയ്യപ്പഭക്തർക്ക് ഇനി  കേരളത്തിന്റെ രുചി; ശബരിമലയിൽ പുലാവിന് പകരം കേരള സദ്യ വിളമ്പിത്തുടങ്ങി

തിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് അന്നദാന മണ്ഡപത്തിൽ ഇനി കേരളത്തിന്റെ തനത് സദ്യ. ഇതുവരെ വിളമ്പിയിരുന്ന പുലാവിന് പകരം കേരള വിഭവങ്ങൾ ഉൾപ്പെടുത്തിയ സദ്യ നൽകാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം മണ്ഡലകാലത്തിന്റെ തുടക്കത്തോടെ നടപ്പാക്കി. വൈകുന്നേരത്തെ ഭക്ഷണക്രമത്തിൽ ഉണ്ടായിരുന്ന ഉപ്പുമാവും ഒഴിവാക്കിയിട്ടുണ്ട്.

മുൻവർഷങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തരെ കൂടി പരിഗണിച്ചാണ് അന്നദാനത്തിൽ പുലാവ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തവണ കേരളത്തിന്റെ ഭക്ഷണസംസ്കാരം തീർഥാടകർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സദ്യയ്ക്ക് പ്രാധാന്യം നൽകിയത്. പായസം ഉൾപ്പെടെയുള്ള വിഭവങ്ങൾ അടങ്ങിയ കേരള സദ്യ ഒരുക്കുമെന്ന് നേരത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചിരുന്നു.

വാഴയിലയിൽ സദ്യ വിളമ്പുമെന്നായിരുന്നു ആദ്യഘട്ടത്തിൽ അറിയിച്ചിരുന്നതെങ്കിലും നിലവിൽ പ്ലേറ്റിലാണ് ഭക്ഷണം നൽകുന്നത്. വിളമ്പുന്ന വിഭവങ്ങൾ കേരളീയ സദ്യയുടെ രുചിയും തനിമയും നിലനിർത്തുന്നവയാണ്. പുതിയ ഭക്ഷണക്രമത്തെക്കുറിച്ച് തീർഥാടകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സദ്യ രുചികരമാണെന്ന് അയ്യപ്പഭക്തർ മാധ്യമങ്ങളോട് പ്രതികരിച്ചു.