ഹജ്ജ് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പണ തീയതി നീട്ടണം; കേന്ദ്രത്തോട് കേരളത്തിന്റെ ആവശ്യം
കേരളത്തിൽ നിന്ന് ഈ വർഷം ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരിൽ വലിയൊരു വിഭാഗം വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവരാണ്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ നിർദേശിച്ച മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് സെപ്റ്റംബർ 15നകം സമർപ്പിക്കണമെന്നാണ് നിലവിലെ നിർദേശം
തിരുവനന്തപുരം: പ്രവാസികളായ ഹജ്ജ് തീർത്ഥാടകർക്ക് മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യവുമായി കേരളം. സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന് കത്തയച്ചു.
കേരളത്തിൽ നിന്ന് ഈ വർഷം ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരിൽ വലിയൊരു വിഭാഗം വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവരാണ്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ നിർദേശിച്ച മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് സെപ്റ്റംബർ 15നകം സമർപ്പിക്കണമെന്നാണ് നിലവിലെ നിർദേശം. എന്നാൽ വിദേശത്തുള്ളവർക്ക് നിശ്ചിത സമയത്തിനകം സർട്ടിഫിക്കറ്റ് നേടുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ച പരാതികൾ.
വിദേശരാജ്യങ്ങളിലെ സർക്കാർ ആരോഗ്യ സംവിധാനങ്ങളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നും ആവശ്യമായ രീതിയിലുള്ള മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതികളാണ് പ്രധാനമായും ഉയർന്നിരിക്കുന്നത്. ചില ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകാൻ തയ്യാറാകുന്നില്ലെന്നും പരാതികളിൽ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിൽ സെപ്റ്റംബർ 15 എന്ന സമയപരിധി നീട്ടുന്നതിനായി അടിയന്തര ഇടപെടൽ നടത്തണമെന്ന് മന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രവാസി ഹാജിമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ പ്രത്യേകമായി അധിക സമയം അനുവദിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. മലയാളികളടക്കമുള്ള മുഴുവൻ തീർത്ഥാടകർക്കും ഈ വർഷത്തെ ഹജ്ജ് യാത്ര സുഗമമായി പൂർത്തിയാക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
Comments ()