16.08 ലക്ഷം ലിറ്റർ കുറവ്; കേരളത്തിന് മണ്ണെണ്ണ ക്ഷാമം രൂക്ഷമാകുന്നു, കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്

മണ്ണെണ്ണയെ ആശ്രയിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ, കുടിയേറ്റ തൊഴിലാളികൾ, തീരദേശ-മലയോര മേഖലകളിലെ കുടുംബങ്ങൾ എന്നിവരുടെ സാഹചര്യം കത്തിൽ ചൂണ്ടിക്കാട്ടുന്നു

16.08 ലക്ഷം ലിറ്റർ കുറവ്; കേരളത്തിന് മണ്ണെണ്ണ ക്ഷാമം രൂക്ഷമാകുന്നു, കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: കേരളത്തിനുള്ള കേന്ദ്ര മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ചു. നിലവിലെ ത്രൈമാസ വിഹിതമായ 4,068 കിലോലിറ്റർ 9,564 കിലോലിറ്ററായി ഉയർത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

മണ്ണെണ്ണയെ ആശ്രയിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ, കുടിയേറ്റ തൊഴിലാളികൾ, തീരദേശ-മലയോര മേഖലകളിലെ കുടുംബങ്ങൾ എന്നിവരുടെ സാഹചര്യം കത്തിൽ ചൂണ്ടിക്കാട്ടുന്നു. എൽപിജി ലഭ്യതയിലുണ്ടായ നിയന്ത്രണങ്ങൾക്കിടെ പാചക ആവശ്യങ്ങൾക്കായി മണ്ണെണ്ണയുടെയും മറ്റ് ഇന്ധനങ്ങളുടെയും ആശ്രയം വർധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 95.5 ലക്ഷം റേഷൻ കാർഡ് ഉടമകളുള്ള സംസ്ഥാനത്ത് നിലവിലെ വിഹിതം അപര്യാപ്തമാണെന്നും കത്തിൽ പറയുന്നു.

2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 5,496 കിലോലിറ്റർ അധിക മണ്ണെണ്ണ അനുവദിക്കണമെന്ന് സിവിൽ സപ്ലൈസ് കമ്മിഷണറും കേന്ദ്രത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിലും കേന്ദ്രം 4,068 കിലോലിറ്റർ മാത്രമാണ് അനുവദിച്ചത്. നേരത്തെ ലഭിച്ചിരുന്ന 5,676 കിലോലിറ്ററുമായി താരതമ്യം ചെയ്യുമ്പോൾ 1,608 കിലോലിറ്ററിന്റെ കുറവാണിത്.

വിഹിതം കുറഞ്ഞതോടെ റേഷൻ മണ്ണെണ്ണ വിതരണം കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവിലെ കണക്കനുസരിച്ച് 5.94 ലക്ഷം മഞ്ഞ കാർഡ് ഉടമകൾക്ക് മൂന്ന് മാസത്തിലൊരിക്കൽ ഒരു ലിറ്റർ വീതവും മറ്റ് കാർഡ് വിഭാഗങ്ങൾക്ക് അര ലിറ്റർ വീതവുമാണ് ലഭിക്കുന്നത്. ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ എല്ലാ വിഭാഗം കാർഡ് ഉടമകൾക്കും ആവശ്യമായ അളവിൽ മണ്ണെണ്ണ നൽകുന്നത് ബുദ്ധിമുട്ടാണ്.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾക്കും ഗണ്യമായ അളവിൽ മണ്ണെണ്ണ ആവശ്യമാണ്. റേഷൻ വിഹിതത്തിൽ നിന്ന് ഇവർക്കും വിതരണം നടത്തേണ്ടി വരുന്നത് ക്ഷാമം കൂടുതൽ രൂക്ഷമാക്കുന്നു. ആവശ്യത്തിന് മണ്ണെണ്ണ ലഭിക്കാത്തതിനാൽ പലരും ഉയർന്ന വില നൽകി പുറംവിപണിയെ ആശ്രയിക്കുന്നതായും ചൂണ്ടിക്കാട്ടുന്നു. അതേസമയം, വിഹിതം വെട്ടിക്കുറച്ചതിന് പിന്നാലെ റേഷൻ കടകളിലെ മണ്ണെണ്ണ വിലയും ഉയർത്തിയിട്ടുണ്ട്. നിലവിൽ ലിറ്ററിന് 71 മുതൽ 76 രൂപ വരെയാണ് വില.