മഴ കനക്കും, ഇടിമിന്നലിനും കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
മഴയുടെ പശ്ചാത്തലത്തിൽ ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യത. ചക്രവാതച്ചുഴിയുടെ സ്വാധീനത്തെ തുടർന്ന് ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴയുടെ പശ്ചാത്തലത്തിൽ ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 1 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശ മേഖലയിൽ ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.
വടക്കൻ ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി അടുത്ത രണ്ട് ദിവസത്തിനിടെ വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. മ്യാൻമർ-ബംഗ്ലാദേശ് തീരത്തിന് സമാന്തരമായി സഞ്ചരിക്കുന്ന ചക്രവാതച്ചുഴി പിന്നീട് വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്താൻ സാധ്യതയുണ്ട്. ഈ കാലാവസ്ഥാ സംവിധാനത്തിന്റെ സ്വാധീനമാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണമാകുക.
Comments ()