മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും; ജാഗ്രത പാലിക്കുക

കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴ ലഭിച്ചേക്കും. ഇടിമിന്നൽ സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു

മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും; ജാഗ്രത പാലിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തിരുവനന്തപുരം ജില്ലയിൽ ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴ ലഭിച്ചേക്കും. ഇടിമിന്നൽ സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഇടിമിന്നലിന്റെ സൂചനകൾ ലഭിച്ചാൽ തുറസായ സ്ഥലങ്ങളിൽ തുടരാതെ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ജനലുകളും വാതിലുകളും അടച്ചിടുകയും വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുകയും ചെയ്യുന്നത് സുരക്ഷിതമാണ്. ഇടിമിന്നൽ സമയത്ത് വൈദ്യുത ഉപകരണങ്ങൾ, ടെലിഫോൺ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ആകാശം മേഘാവൃതമായിരിക്കുമ്പോൾ കുട്ടികൾ ഉൾപ്പെടെ ആരും ടെറസിലോ തുറസ്സായ സ്ഥലങ്ങളിലോ കളിക്കാൻ പോകരുത്. മരങ്ങളുടെ ചുവട്ടിൽ അഭയം തേടുന്നതും ഒഴിവാക്കണം.

മഴയും ഇടിമിന്നലും ശക്തമാകുന്ന സമയത്ത് കുളിക്കാനും ജലാശയങ്ങളിൽ ഇറങ്ങാനും പാടില്ല. മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവർത്തനങ്ങൾ ഉടൻ നിർത്തി സുരക്ഷിതമായ കരയിലേക്ക് മാറണം. ചൂണ്ടയിടൽ, വലയെറിയൽ, പട്ടം പറത്തൽ തുടങ്ങിയവയും ഇടിമിന്നൽ സമയത്ത് ഒഴിവാക്കണം.

മിന്നലേറ്റാൽ ആദ്യ 30 സെക്കൻഡ് നിർണായകമാണെന്ന് അധികൃതർ ഓർമിപ്പിച്ചു. മിന്നലേറ്റ വ്യക്തിക്ക് കഴിയുന്നത്ര വേഗത്തിൽ പ്രാഥമിക സഹായം നൽകുകയും അടിയന്തര വൈദ്യസഹായം ഉറപ്പാക്കുകയും വേണം.