ലാപ്ടോപ്പ് ചാർജറും ബെൽറ്റും ഉപയോഗിച്ച് മർദനം, വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം സൗദിയിൽ വച്ച് നേരിട്ടത് ക്രൂരപീഡനം, പരാതിയുമായി 24കാരി
സൗദിയിലെ താമസസ്ഥലത്ത് വച്ച് ലാപ്ടോപ്പ് ചാർജർ, ബെൽറ്റ്, കുക്കർ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ ഉപയോഗിച്ച് മർദിച്ചിരുന്നതായും യുവതി ആരോപിച്ചു.
കൊല്ലം: സൗദി അറേബ്യയിൽ താമസിക്കുന്നതിനിടെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽനിന്നും ഭർതൃവീട്ടുകാരിൽനിന്നും ക്രൂരമായ പീഡനം നേരിട്ടെന്ന പരാതിയുമായി നീണ്ടകര മണ്ണാത്തറ സ്വദേശിനിയായ 24കാരി അഞ്ചു. യുവതിയുടെ പരാതിയിൽ ഭർത്താവ് പരിമണം സ്വദേശി നന്ദു, മാതാപിതാക്കളായ ദിനേശ്, ജഗദമ്മ എന്നിവർക്കെതിരെ ചവറ പൊലീസ് കേസെടുത്തു.
വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടതോടെ തന്നെ പീഡനം ആരംഭിച്ചെന്നാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. സൗദിയിലെ താമസസ്ഥലത്ത് വച്ച് ലാപ്ടോപ്പ് ചാർജർ, ബെൽറ്റ്, കുക്കർ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ ഉപയോഗിച്ച് മർദിച്ചിരുന്നതായും യുവതി ആരോപിച്ചു. കത്തി കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി തനിക്കിഷ്ടമില്ലാത്ത കാര്യങ്ങൾ പറയിപ്പിച്ചെന്നും പിന്നീട് ഇതിന്റെ ശബ്ദരേഖ ഭർത്താവ് പ്രചരിപ്പിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
സെപ്റ്റംബർ 30ന് നാട്ടിലെത്തിയ അഞ്ചുവിന്റെ ശരീരത്തിൽ നിരവധി മർദനപ്പാടുകളും മുറിവുകളും കണ്ടെത്തിയതായി ബന്ധുക്കൾ പറയുന്നു. നിലവിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് യുവതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments ()