കൊച്ചിയിൽ ബീഫ് വിൽക്കുന്നുവെന്ന് മുംബൈ സ്വദേശി; 'ഇത് യുപിയല്ല, കേരളമാണ്'; ബീഫ് വിൽപ്പനയെ വിമർശിച്ച മുംബൈ വ്ലോഗർക്ക് മലയാളികളുടെ പൊങ്കാല

മോദിയെയും യോഗിയെയും ടാഗ് ചെയ്ത പോസ്റ്റിന്‍റെ കമന്‍റിൽ 'ബീഫ് 'പൊങ്കാല'

കൊച്ചിയിൽ ബീഫ് വിൽക്കുന്നുവെന്ന് മുംബൈ സ്വദേശി; 'ഇത് യുപിയല്ല, കേരളമാണ്';  ബീഫ് വിൽപ്പനയെ വിമർശിച്ച മുംബൈ വ്ലോഗർക്ക് മലയാളികളുടെ പൊങ്കാല

കൊച്ചി: കൊച്ചിയിലെ ഒരു പ്രാദേശിക തട്ടുകടയിൽ പരസ്യമായി ബീഫ് വിൽക്കുന്നതിനെതിരെ മുംബൈ സ്വദേശിയായ വ്ലോഗർ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ മലയാളികളുടെ 'ബീഫ് പൊങ്കാല'. "ഇത് യുപിയല്ല, കേരളമാണ്; ഞങ്ങൾ മലയാളികൾ ബീഫ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്" തുടങ്ങിയ കമന്റുകളാണ് യുവാവിന്റെ പോസ്റ്റിന് താഴെ നിറയുന്നത്.

'iamsharmasanjay' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വ്ലോഗർ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഹോട്ടലിന്റെയും ബീഫ് വിഭവങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന മെനു ബോർഡിന്റെയും ചിത്രങ്ങൾക്കൊപ്പമായിരുന്നു ഇയാളുടെ കുറിപ്പ്.

"കേരളത്തിലെ കൊച്ചിയിൽ ഞാൻ നേരിൽ കണ്ട ഈ കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു പ്രാദേശിക വഴിയോര ഭക്ഷണശാലയിൽ യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നതിന്റെ ചിത്രമാണിത്. ഹൈന്ദവ പാരമ്പര്യത്തിലും ഗോമാതാവിനോടുള്ള ആദരവിലും വേരൂന്നിയ ഒരു രാജ്യത്ത്, തെരുവുകളിൽ ഇത്തരമൊരു കാഴ്ച കാണേണ്ടി വരുന്നത് അങ്ങേയറ്റം വേദനാജനകമാണ്. നമ്മുടെ പവിത്രമായ മൂല്യങ്ങളെ മാനിക്കുന്ന തരത്തിലുള്ള രാജ്യവ്യാപകമായ നിയമനിർമാണങ്ങൾ കൊണ്ടുവരാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഈ വിഷയം ശ്രദ്ധിക്കണമെന്ന് ഞാൻ ആത്മാർഥമായി അഭ്യർത്ഥിക്കുന്നു. നമ്മുടെ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സംരക്ഷിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃതമായ ഒരു സമീപനം അനിവാര്യമാണ്." - വ്ലോഗർ കുറിച്ചു.

പോസ്റ്റ് വൈറലായതോടെ മലയാളികൾ രസകരമായ കമന്റുകളുമായി രംഗത്തെത്തി. "യമ്മി ബീഫ്" എന്ന കമന്റുകളാണ് പോസ്റ്റിന് താഴെ ഭൂരിഭാഗവും. കൂടാതെ, ബീഫ് പാചകം ചെയ്യുന്ന വീഡിയോകളും ഭക്ഷണപ്രേമികൾ കമന്റ് ബോക്സിൽ പങ്കുവെക്കുന്നുണ്ട്.

വിമർശനങ്ങൾക്ക് കൃത്യമായ മറുപടിയും ചിലർ നൽകുന്നുണ്ട്. "പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിന് കീഴിൽ ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും, ഈ കയറ്റുമതിയുടെ വലിയൊരു പങ്കും യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിൽ നിന്നാണെന്നും നിങ്ങൾ അറിഞ്ഞിരിക്കണം" എന്നായിരുന്നു ഒരാളുടെ മറുപടി. വീട്ടിൽ വെച്ച് ബീഫ് കഴിക്കാമെന്നും പരസ്യമായി കഴിക്കരുതെന്നുമാണ് അസം മുഖ്യമന്ത്രി മുൻപ് പറഞ്ഞിട്ടുള്ളതെന്നും മറ്റൊരാൾ കമന്റിലൂടെ ഓർമ്മിപ്പിച്ചു.