തീയിട്ട ശേഷം ചിത്രം അയച്ചു, പ്രതിക്ക് വിദേശത്ത് നിന്ന് ഫണ്ട്; കൊച്ചി സിനഗോഗ് ആക്രമണ കേസിൽ വൻ ഗൂഢാലോചന

പ്രതി എബിൻ്റെ അക്കൗണ്ടിൽ വന്നത് 2000യുഎസ് ഡോളർ

തീയിട്ട ശേഷം ചിത്രം അയച്ചു, പ്രതിക്ക് വിദേശത്ത് നിന്ന് ഫണ്ട്; കൊച്ചി സിനഗോഗ് ആക്രമണ കേസിൽ വൻ ഗൂഢാലോചന

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച കൊച്ചി സിനഗോഗ് തീവയ്പ്പ് കേസിൽ പ്രതി എബിൻ ബാബുപോളിന്റെ അക്കൗണ്ടിലേക്ക് 2000 യുഎസ് ഡോളർ എത്തിയതായി പോലീസ് കണ്ടെത്തി. തീവയ്പ്പ് നടത്തിയ ശേഷം ചിത്രങ്ങൾ പങ്കുവെച്ചതിനാണ് ക്രിപ്റ്റോ കറൻസി വഴി പണം കൈമാറിയത്.

ടെലഗ്രാം ചാനൽ വഴി പരിചയപ്പെട്ട വിദേശബന്ധമുള്ള സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും, വലിയ തോതിലുള്ള ആക്രമണങ്ങൾ നടത്താൻ എബിന് പരിശീലനം നൽകിവരികയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. പ്രതി തീവയ്പ്പിന്റെ ചിത്രങ്ങൾ വിദേശ സംഘത്തിന് അയച്ചുകൊടുത്തതിന്റെ ഡിജിറ്റൽ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, കേസിലെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര സർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരം അന്വേഷണം നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) ഏറ്റെടുത്തു. ജനങ്ങൾക്കിടയിൽ ഭീതി പടർത്താനും വിവിധ സാമൂഹിക വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താനും ആസൂത്രിത ശ്രമം നടന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തി.

ഈ സാഹചര്യത്തിൽ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ആക്റ്റ് 2008-ലെ വ്യവസ്ഥകൾ പ്രകാരമാണ് കേസ് എൻഐഎക്ക് കൈമാറിയത്. സംഭവത്തിൽ പോലീസ് നേരത്തെ തന്നെ പ്രതിക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.