സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

വീടിന് അരകിലോമീറ്റർ മാറി മറ്റൊരു പുരയിടത്തിൽ അമൃതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

കോതമംഗലം: മാമലക്കണ്ടം എളംബ്ലാശേരി ഉന്നതിയിൽ യുവാവിന്റെ മരണത്തിന് പിന്നാലെ സുഹൃത്തായ യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. എളംബ്ലാശേരി സ്വദേശികളായ വിജയ് വാസു (20), അമൃത (19) എന്നിവരാണ് മരിച്ചത്.

കുടുംബപ്രശ്നങ്ങളെ തുടർന്ന് ചൊവ്വാഴ്ചയാണ് വിജയ് വീടിനുള്ളിൽ ജീവനൊടുക്കിയത്. ഇതിന് പിന്നാലെ ബുധനാഴ്ച മുതൽ അമൃതയെ കാണാതായിരുന്നു. ബന്ധുക്കൾ കുട്ടമ്പുഴ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ, വ്യാഴാഴ്ച രാവിലെ വീടിന് അരക്കിലോമീറ്റർ അകലെയുള്ള മറ്റൊരു പുരയിടത്തിൽ അമൃതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തിന്റെ വിയോഗത്തിലുള്ള കടുത്ത മനോവിഷമമാണ് അമൃതയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

വാസുവിന്റെയും ശാരദയുടെയും മകനാണ് മരിച്ച വിജയ്. സഹോദരങ്ങൾ: ബിബുമോൻ, ബിനീഷ്, വിനീത്. വിജയ്‌യുടെ സംസ്കാരം നേരത്തെ നടത്തി. അമ്മ ലക്ഷ്മിയുടെ മരണശേഷം മുത്തശ്ശി ദേവയാനിയുടെ സംരക്ഷണയിലായിരുന്നു അമൃത കഴിഞ്ഞിരുന്നത്. സഹോദരൻ: വിജയ്. അമൃതയുടെ സംസ്കാരം ഇന്ന് (വെള്ളി) ഉച്ചയ്ക്ക് 12-ന് ഉന്നതിയിലെ പൊതുശ്മശാനത്തിൽ നടക്കും.