പരുതൂർ സ്കൂളിലെ വെടിവയ്പ്പ്; ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ് സിനിമ ലിയോ

സഹപാഠികളുടെ മൊഴിയിൽ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്.

പരുതൂർ സ്കൂളിലെ വെടിവയ്പ്പ്; ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ് സിനിമ ലിയോ

പരുതൂർ സ്കൂളിലെ വെടിവയ്പ്പ് കേസിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് 'ലിയോ' എന്ന തമിഴ് സിനിമ. ആദ്യം ഭിത്തിയിലേക്ക് വെടിയുതിർത്ത വിദ്യാർത്ഥി, പത്ത് മിനിറ്റിന് ശേഷം വീണ്ടും ബാഗിൽ നിന്ന് തോക്കെടുത്ത് സിനിമാ സ്റ്റൈലിൽ പ്രയോഗിക്കുകയായിരുന്നു. ഈ സമയം ഒന്നരയടി മാത്രം അകലെ നിന്നിരുന്ന സഹപാഠിയുടെ കൈക്ക് മുകളിലാണ് വെടിയുണ്ട പതിച്ചത്.

സംഭവം ബോധപൂർവം നടത്തിയതല്ലെന്നും, വെറും ഷോ കാണിക്കുന്നതിനിടെ സംഭവിച്ച കയ്യബദ്ധമാണെന്നുമാണ് പരിക്കേറ്റ കുട്ടിയും ദൃക്‌സാക്ഷികളായ മറ്റ് വിദ്യാർത്ഥികളും പോലീസിന് നൽകിയ മൊഴി. പോലീസും ഇതേ നിഗമനത്തിലാണ്. തുടർന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ വിദ്യാർത്ഥിയെ അടുത്ത മാസം അഞ്ചുവരെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

അതേസമയം, തോക്ക് അമ്മയുടെ അലമാരയിൽ നിന്നാണ് ലഭിച്ചതെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അമ്മയ്ക്കെതിരെ ആംസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും, ഉടൻ അറസ്റ്റ് വേണ്ടെന്നാണ് പോലീസിന്റെ തീരുമാനം. വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ മുത്തച്ഛൻ ഉപയോഗിച്ചിരുന്നതാണ് ഈ തോക്ക്. തോക്കിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.