കോട്ടയത്ത് കുടുംബവഴക്കിനിടയിൽ മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു

കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കോട്ടയത്ത് കുടുംബവഴക്കിനിടയിൽ മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു

കോട്ടയം: മണിമലയിൽ കുടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ തർക്കത്തിനിടയിൽ മകൻ അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ട സംഭവത്തിൽ മകൻ സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. കൊല്ലപ്പെട്ട സന്തോഷ് കുറച്ചുകാലമായി ഭാര്യയ്ക്കും മക്കൾക്കുമൊപ്പമല്ല താമസം. ഇടയ്ക്കിടെ മാത്രമാണ് ചാരുവേലി ശവക്കോട്ടഭാഗത്തുള്ള വീട്ടിലെത്തിയിരുന്നത്. ഇവിടെയെത്തുമ്പോഴെല്ലാം സന്തോഷ് മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

സംഭവദിവസമായ പത്താം തിയതി വൈകിട്ടും സന്തോഷ് വീട്ടിലെത്തി ബഹളമുണ്ടാക്കുകയും ഭാര്യ സിന്ധുവിനെ ഉപദ്രവിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത മക്കളായ സച്ചുവും സനോജുമായി സന്തോഷ് വഴക്കുണ്ടായി. തർക്കം രൂക്ഷമായതിനിടയിൽ ഇളയ മകൻ സച്ചു കാപ്പിക്കമ്പ് കൊണ്ട് സന്തോഷിന്‍റെ തലയ്ക്കടിക്കുകയായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ വീടിന്‍റെ മുറ്റത്ത് പരിക്കേറ്റു കിടക്കുന്ന സന്തോഷിനെയാണ് കണ്ടത്. സംഭവസ്ഥലത്തുനിന്ന് തന്നെ സച്ചുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ മരണകാരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.