കുറ്റ്യാടിയിൽ വാഹനാപകടം; ബസ്-ലോറി കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്
വടകരയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. തൊട്ടിൽപ്പാലത്ത് നിന്ന് വരികയായിരുന്ന ബസ്, എതിർദിശയിൽ നിന്ന് വളവ് കയറിയെത്തിയ ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടുംചാലിൽ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം സംഭവിച്ചത്.
വടകരയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. തൊട്ടിൽപ്പാലത്ത് നിന്ന് വരികയായിരുന്ന ബസ്, എതിർദിശയിൽ നിന്ന് വളവ് കയറിയെത്തിയ ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കൂട്ടിയിടിയിൽ ലോറിയുടെ ക്യാബിനിൽ ഡ്രൈവർ കുടുങ്ങി. തുടർന്ന് നാദാപുരം ചേലക്കാട് നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഏറെ പരിശ്രമിച്ചാണ് ക്യാബിൻ പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്.
പരിക്കേറ്റവരെ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഗുരുതരമായി പരിക്കേറ്റതടക്കം 15 പേരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റ മറ്റ് 15 പേർ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Comments ()