കോഴിക്കോട് ക്ലോക്ക് റൂം തകർന്നു വീണു; മലബാറിലെ ട്രെയിൻ ഗതാഗതത്തിന് കർശന നിയന്ത്രണം
ഒന്ന്, രണ്ട്, മൂന്ന് ട്രാക്കുകളിലൂടെയുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് റൂം കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് മലബാറിലെ ട്രെയിന്‍ ഗതാഗതത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. ഒന്ന്, രണ്ട്, മൂന്ന് ട്രാക്കുകളിലൂടെയുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ ഈ ട്രാക്കുകള്‍ വീണ്ടും തുറക്കൂ. നിലവില്‍ നാലാമത്തെ ട്രാക്കിലൂടെ മാത്രമാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്. ഈ സാഹചര്യത്തില്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ജനശതാബ്ദി എക്‌സ്പ്രസ് കല്ലായി റെയില്‍വേ സ്റ്റേഷനില്‍ നിന്നായിരിക്കും യാത്ര തിരിക്കുക.
12076 തിരുവനന്തപുരം സെന്‍ട്രല്‍ - കോഴിക്കോട് ജന്‍ശതാബ്ദി: ജൂലൈ 9-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ കോഴിക്കോടിന് പകരം കല്ലായില്‍ സര്‍വീസ് അവസാനിപ്പിക്കും. കല്ലായിക്കും കോഴിക്കോടിനും ഇടയിലുള്ള സര്‍വീസ് റദ്ദാക്കി.
16511 കെ.എസ്.ആര്‍ ബംഗളൂരു - കോഴിക്കോട് എക്‌സ്പ്രസ്: ജൂലൈ 8-ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ കോഴിക്കോടിന് പകരം വെസ്റ്റ് ഹില്ലില്‍ യാത്ര അവസാനിപ്പിക്കും. വെസ്റ്റ് ഹില്ലിനും കോഴിക്കോടിനും ഇടയിലുള്ള സര്‍വീസ് റദ്ദാക്കി.
12075 കോഴിക്കോട് - തിരുവനന്തപുരം ജന്‍ശതാബ്ദി: ജൂലൈ 9-ന് ഈ ട്രെയിന്‍ കോഴിക്കോടിന് പകരം കല്ലായില്‍ നിന്നായിരിക്കും ഉച്ചയ്ക്ക് 13.50-ന് യാത്ര ആരംഭിക്കുക.
16512 കോഴിക്കോട് - കെ.എസ്.ആര്‍ ബംഗളൂരു എക്‌സ്പ്രസ്: ജൂലൈ 9-ന് കോഴിക്കോടിന് പകരം വെസ്റ്റ് ഹില്ലില്‍ നിന്നായിരിക്കും ഈ ട്രെയിന്‍ ഉച്ചയ്ക്ക് 15.40-ന് യാത്ര തിരിക്കുക.
Comments ()