പൊതുവിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ധാരണ; പിഎം ശ്രീ പദ്ധതിക്കെതിരെ കെപി. രാജേന്ദ്രന്‍

പൊതുവിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊതുവിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ധാരണ; പിഎം ശ്രീ പദ്ധതിക്കെതിരെ കെപി. രാജേന്ദ്രന്‍

ചേര്‍പ്പ്: പൊതുവിദ്യാഭ്യാസ മേഖലയെ വര്‍ഗീയവല്‍ക്കരിക്കാനാണ് പിഎം ശ്രീ പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി. രാജേന്ദ്രന്‍. പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ധാരണയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ സി.പി.ഐ ചേര്‍പ്പ് മണ്ഡലം കമ്മിറ്റി, ചേര്‍പ്പ് സിവില്‍ സ്റ്റേഷന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി.പി.ഐ ചേര്‍പ്പ് മണ്ഡലം സെക്രട്ടറി കെ.കെ. ജോബി അധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സില്‍ അംഗം കെ.കെ. രാജേന്ദ്രബാബു, എം. നാരായണദാസ്, കെ.എം. ജയദേവന്‍, ടി. ബിഷാജി, സുഭാഷ് മാരാത്ത്, ഇ.എസ്. പ്രതീഷ്, പി.ആര്‍. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതിഷേധ മാര്‍ച്ചിലും ധര്‍ണ്ണയിലും മണ്ഡലത്തിലെ വിവിധ ലോക്കല്‍ കമ്മിറ്റികളില്‍ നിന്നുള്ള പ്രവര്‍ത്തകരും നേതാക്കളും പങ്കെടുത്തു. വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനായുള്ള സമരപരിപാടികള്‍ ശക്തിപ്പെടുത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.