'കറന്റ് പോയാൽ മന്ത്രിയോട് ചോദിക്ക്'; നമ്പർ നൽകിയ ജീവനക്കാരനെതിരെ നടപടിക്ക് കെഎസ്ഇബി

ജീവനക്കാരനെ കുറിച്ച് അന്വേഷിക്കാൻ ബോർഡ് ചെയർമാനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.

'കറന്റ് പോയാൽ മന്ത്രിയോട് ചോദിക്ക്'; നമ്പർ നൽകിയ ജീവനക്കാരനെതിരെ നടപടിക്ക് കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ച ഉപഭോക്താവിന് മന്ത്രി സണ്ണി ജോസഫിന്റെ വ്യക്തിഗത നമ്പർ നൽകിയ ജീവനക്കാരനെതിരെ അന്വേഷണം. വൈദ്യുതി എന്ന് പുനഃസ്ഥാപിക്കുമെന്ന് അറിയാൻ മന്ത്രിയെ നേരിട്ട് വിളിക്കാൻ ഉദ്യോഗസ്ഥൻ നിർദേശിക്കുകയായിരുന്നുവെന്ന് മന്ത്രി തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കെഎസ്ഇബി ബോർഡ് ചെയർമാനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിലവിലെ വൈദ്യുതി പ്രതിസന്ധിയിൽ ജനങ്ങൾ സർക്കാരിന്റെ പ്രയാസങ്ങൾ മനസ്സിലാക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ഉൽപ്പാദിപ്പിക്കുന്ന സോളാർ ഊർജ്ജം സംഭരിച്ചുവെക്കാനുള്ള സംവിധാനത്തിന്റെ കുറവാണ് നിലവിലെ പ്രധാന വെല്ലുവിളി. എന്നാൽ വരാനിരിക്കുന്ന ഒക്ടോബറോടെ പുതിയ സ്റ്റോറേജ് സംവിധാനം പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൈദ്യുതി നിയന്ത്രണങ്ങൾ മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കാൻ ഫീഡർ തലത്തിൽ തടസ്സങ്ങൾ മുൻകൂട്ടി അറിയിക്കുന്ന സംവിധാനം നാളെ മുതൽ നിലവിൽ വരും. കൃത്യമായ സമയം പ്രവചിക്കാൻ കഴിയില്ലെങ്കിലും, വൈദ്യുതി മുടങ്ങുന്ന ഏകദേശ സമയം ഈ സംവിധാനത്തിലൂടെ ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.