രാത്രികാല വൈദ്യുതി ക്ഷാമത്തിന് പരിഹാരം: എസ്‌ഇസിഐയുമായി 25 വർഷത്തെ കരാറൊപ്പിട്ട് കെഎസ്ഇബി

സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്

രാത്രികാല വൈദ്യുതി ക്ഷാമത്തിന് പരിഹാരം: എസ്‌ഇസിഐയുമായി 25 വർഷത്തെ കരാറൊപ്പിട്ട് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ വേനൽക്കാല രാത്രികളിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ കെഎസ്ഇബി ദീർഘകാല കരാർ ഒപ്പുവെച്ചു. സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (SECI) ഒപ്പുവെച്ച കരാർ പ്രകാരം രാത്രികാലങ്ങളിൽ 300 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭിക്കും. യൂണിറ്റിന് ആറ് രൂപ നിരക്കിൽ 25 വർഷത്തേക്കാണ് കരാർ ധാരണയായിട്ടുള്ളത്. 2028 മാർച്ച് മുതലാണ് ഈ കരാർ പ്രകാരമുള്ള വൈദ്യുതി ലഭ്യമായി തുടങ്ങുക. വേനൽക്കാല രാത്രികളിൽ അനുഭവപ്പെടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ ഈ നീക്കം വഴി സാധിക്കുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.

അതേസമയം, മുൻപ് ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കിയ നടപടിക്കെതിരെയുള്ള ഹർജി അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. മുൻ കരാറുകൾ റദ്ദാക്കപ്പെട്ടതോടെ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കാതായത് വലിയ സാമ്പത്തിക പ്രതസിന്ധിയാണ് സൃഷ്ടിച്ചതെന്നും, ഇതിനകം 12,570 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടായെന്നും സർക്കാർ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 748.20 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസൽ മർസൂഖ് ബാഫഖി തങ്ങളാണ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്.