കെഎസ്ആർടിസിക്ക് ഇനി ബസുകൾ സ്പോൺസർ ചെയ്യാം; 10 വർഷത്തേക്ക് പരസ്യത്തിനും അവസരം

ഇത് പ്രകാരം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബസുകൾ സ്പോൺസർ ചെയ്ത് പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിൽ പങ്കാളികളാകാം.

കെഎസ്ആർടിസിക്ക് ഇനി ബസുകൾ സ്പോൺസർ ചെയ്യാം; 10 വർഷത്തേക്ക് പരസ്യത്തിനും അവസരം

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിയിൽ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ബസ് സ്പോൺസർഷിപ്പ് പദ്ധതി ആരംഭിച്ചു. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനും പഴയ വാഹനങ്ങൾക്ക് പകരം പുതിയവ നിരത്തിലിറക്കുന്നതിനുമായി തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, ക്ലബ്ബുകൾ, വ്യക്തികൾ എന്നിവർക്ക് സി.എസ്.ആർ ഫണ്ടുകൾ ഉപയോഗിച്ചോ നേരിട്ടോ ബസുകൾ സംഭാവന നൽകാം. 9 മുതൽ 15 മീറ്റർ വരെ നീളമുള്ള എ.സി പ്രീമിയം, എ.സി സീറ്റർ, എ.സി സ്ലീപ്പർ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ ബസുകളാണ് പദ്ധതിപ്രകാരം സ്വീകരിക്കുന്നത്.

വാഹനങ്ങൾ നേരിട്ടു നൽകുകയോ തുക കൈമാറുകയോ ചെയ്യാം. സാമ്പത്തിക സഹായമാണെങ്കിൽ ടെൻഡർ വഴിയായിരിക്കും കോർപറേഷൻ ബസുകൾ വാങ്ങുക. സ്പോൺസർ ചെയ്യുന്ന ബസുകൾ കെഎസ്ആർടിസി എം.ഡിയുടെ പേരിലാണ് രജിസ്റ്റർ ചെയ്യുക. വാഹനത്തിന്റെ അറ്റകുറ്റപ്പണി, ഇൻഷുറൻസ്, ടിക്കറ്റ് വരുമാനം, ജീവനക്കാരുടെ നിയമനം, സമയക്രമം, റൂട്ട് എന്നിവയിലെല്ലാം പൂർണ അധികാരം കോർപറേഷനായിരിക്കും.

സ്പോൺസർമാർക്ക് 10 വർഷത്തേക്ക് വാഹനത്തിൽ പരസ്യം നൽകാനുള്ള അവസരമുണ്ട്. മുൻവശവും ഗ്ലാസുകളും ഒഴിവാക്കി ബസിന്റെ പുറംഭാഗത്ത് 60 ശതമാനവും ഉള്ളിൽ 30 ശതമാനവും സ്ഥലത്ത് പരസ്യം നൽകാം. കൂടാതെ 'സ്പോൺസേർഡ് ബൈ' എന്ന് സ്ഥാപനത്തിന്റെ പേര് എഴുതാനും അനുമതിയുണ്ട്. എന്നാൽ മതപരമോ രാഷ്ട്രീയമോ നിയമവിരുദ്ധമോ ആയ പരസ്യങ്ങൾക്ക് അനുമതിയില്ല.

പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം (ജി.എസ് അരുൺ: 9539202020, സജയകുമാർ: 9744887783), കൊല്ലം/ആലപ്പുഴ (യൂസഫ്: 9947441808), എറണാകുളം/തൃശൂർ (ഒ.പി അനൂബ്: 9846655449), പത്തനംതിട്ട/ഇടുക്കി/കോട്ടയം (എസ്. ശ്രീകാന്ത് നായർ: 9847089578), പാലക്കാട്/മലപ്പുറം (റിജു: 8075025794), കാസർഗോഡ്/കണ്ണൂർ/കോഴിക്കോട്/വയനാട് (റഫീഖ്: 9846512673) എന്നീ മാർക്കറ്റിങ് പ്രതിനിധികളുമായി ബന്ധപ്പെടാവുന്നതാണ്.