യാത്രക്കാർക്ക് ബിസിനസ് ക്ലാസ് അനുഭവം; തിരുവനന്തപുരം-എറണാകുളം എക്സിക്യൂട്ടീവ് വോൾവോ സർവീസിന് തുടക്കം

കെഎസ്ആർടിസി തിരുവനന്തപുരം-എറണാകുളം റൂട്ടിൽ പുതിയ എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസ് സർവീസ് ആരംഭിക്കുന്നു.

യാത്രക്കാർക്ക് ബിസിനസ് ക്ലാസ് അനുഭവം; തിരുവനന്തപുരം-എറണാകുളം എക്സിക്യൂട്ടീവ് വോൾവോ സർവീസിന് തുടക്കം

കെഎസ്ആർടിസിയുടെ പുതിയ എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസ് സർവീസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുകയാണ്. ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ യാത്രാനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് ഈ ബസ് സർവീസ് നടത്തുന്നത്. രാവിലെ 5:30-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ബസ് കൊല്ലം അയത്തിൽ, ആലപ്പുഴ കൊമാടി, ഹൈക്കോടതി വഴി 9:45-ന് എറണാകുളത്ത് എത്തിച്ചേരും. തുടർന്ന് വൈകിട്ട് 5:30-ന് എറണാകുളത്തുനിന്ന് തിരിച്ച് പുറപ്പെട്ട് ഇതേ റൂട്ടിലൂടെ രാത്രി 9:45-ഓടെ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന രീതിയിലാണ് സമയക്രമം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ യാത്രയ്ക്കുള്ള ഓൺലൈൻ ബുക്കിങ് സൗകര്യം നിലവിൽ ലഭ്യമാണ്.

ആധുനിക സാങ്കേതികവിദ്യയും മികച്ച സൗകര്യങ്ങളും സമികരിച്ചിട്ടുള്ള ഒരു ബിസിനസ് ക്ലാസ് ബസാണ് ഈ പ്രത്യേക സർവീസിനായി ഉപയോഗിക്കുന്നത്. 36 പ്രീമിയം റിക്ലൈനിങ് സീറ്റുകൾ അടങ്ങിയ ഈ ബസിൽ ഓരോ യാത്രക്കാരനും വ്യക്തിഗത വിനോദ സംവിധാനങ്ങളും സൗജന്യ വൈഫൈ സൗകര്യവും നൽകിയിട്ടുണ്ട്. കൂടാതെ മൊബൈൽ ചാർജിങ്ങിനായി യുഎസ്ബി പോർട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ദീർഘദൂര യാത്ര കൂടുതൽ സുഖകരമാക്കാൻ മിനി റഫ്രിജറേറ്റർ, കോഫി മേക്കർ എന്നിവയടങ്ങുന്ന പാൻട്രി സംവിധാനവും ഇൻ-ബിൽറ്റ് ടോയ്‌ലറ്റ് സൗകര്യവും ബസിനുള്ളിൽ തന്നെ ഒരുക്കിയിട്ടുണ്ട്.