പഠിക്കാം, കറങ്ങാം; വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ യാത്ര, ‘വിജ്ഞാന ദർശിനി’യുമായി കെഎസ്ആർടിസി
ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടത്തിൽ പൊന്മുടിയും പരിസരത്തെ പ്രധാന ആകർഷണങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്
തിരുവനന്തപുരം: പഠനവും വിനോദവും ഒരുമിച്ച് അനുഭവിക്കാൻ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് അവസരമൊരുക്കി കെഎസ്ആർടിസിയുടെ പുതിയ വിനോദയാത്രാ പദ്ധതി. ‘വിജ്ഞാന ദർശിനി’ എന്ന പേരിൽ ബജറ്റ് ടൂറിസം സെൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ ചരിത്രസ്മാരകങ്ങൾ, ശാസ്ത്രകേന്ദ്രങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, പ്രകൃതിരമണീയമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കാം. ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടത്തിൽ പൊന്മുടിയും പരിസരത്തെ പ്രധാന ആകർഷണങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് വ്യവസായ സന്ദർശനങ്ങളും യാത്രയുടെ ഭാഗമാക്കും.
കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുരയിലെ ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ് തിരുവനന്തപുരം ജില്ലയിൽ യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. പൊന്മുടി യാത്രകൾക്കായി പ്രത്യേകമായി അനുയോജ്യമായ കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കും. ബജറ്റ് ടൂറിസം സെല്ലിന്റെ പ്രത്യേക ബസുകളിൽ 36 വിദ്യാർഥികൾക്ക് ഒരേസമയം യാത്ര ചെയ്യാം. പാഠപുസ്തകങ്ങളിലൂടെ ലഭിക്കുന്ന അറിവുകൾ നേരിട്ട് അനുഭവിച്ചറിയാനും പ്രകൃതി, ശാസ്ത്രം, ചരിത്രം തുടങ്ങിയ മേഖലകളെ കൂടുതൽ അടുത്തറിയാനും വിദ്യാർഥികളെ സഹായിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സ്ഥാപനങ്ങളുടെ സൗകര്യത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് യാത്രകൾ ആസൂത്രണം ചെയ്യാം. നിരക്കുകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾക്കും ബുക്കിങ് സംബന്ധമായ വിവരങ്ങൾക്കും അതത് ജില്ലകളിലെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കോ-ഓർഡിനേറ്റർമാരെ ബന്ധപ്പെടാം. ജില്ല തിരിച്ചുള്ള നമ്പറുകൾ: തിരുവനന്തപുരം നോർത്ത് – 9188619378, തിരുവനന്തപുരം സൗത്ത് – 9188938522, കൊല്ലം – 9188938523, പത്തനംതിട്ട – 9188938524, ആലപ്പുഴ – 9188938525, കോട്ടയം – 9188938526, ഇടുക്കി – 9188938527, എറണാകുളം – 9188938528, തൃശ്ശൂർ – 9188938529, പാലക്കാട് – 9188938530, മലപ്പുറം – 9188938531, കോഴിക്കോട് – 9188938532, വയനാട് – 9188938533, കണ്ണൂർ–കാസർകോട് – 9188938534. കുറഞ്ഞ ചെലവിൽ വിജ്ഞാനപ്രദമായ യാത്രാനുഭവങ്ങൾ വിദ്യാർഥികളിലെത്തിക്കുകയാണ് ‘വിജ്ഞാന ദർശിനി’യിലൂടെ കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.
Comments ()