ഇത്തവണ ഓണം കളറാകും; കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും 33.92 കോടിയുടെ ആനുകൂല്യം
കെഎസ്ആർടിസിയിലെ സ്ഥിരം ജീവനക്കാർക്ക് ഇത്തവണ 10,000 രൂപ സാലറി മുൻകൂർ ലഭിക്കും.
ഓണം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി സംസ്ഥാന സർക്കാർ 33.92 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ച ഈ പദ്ധതിയിലൂടെ സ്ഥിരം ജീവനക്കാർക്കും താൽക്കാലികക്കാർക്കും പെൻഷൻകാർക്കും ഒരുപോലെ ഓണാഘോഷ ആനുകൂല്യങ്ങൾ ലഭ്യമാകും. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ സേവനവും ആത്മാർഥതയും മുൻനിർത്തിയാണ് സർക്കാർ ഈ ആനുകൂല്യങ്ങൾ അനുവദിച്ചിരിക്കുന്നത്.
സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ സാലറി അഡ്വാൻസും 3,000 രൂപ ഉത്സവബത്തയും അർഹരായവർക്ക് ബോണസും ലഭിക്കും. 2023-ന് ശേഷം ആദ്യമായാണ് കെഎസ്ആർടിസിയിൽ സ്ഥിരം ജീവനക്കാർക്ക് സാലറി അഡ്വാൻസ് അനുവദിക്കുന്നത്.
കൂടാതെ, 42,549 കെഎസ്ആർടിസി പെൻഷൻകാർക്ക് 1,250 രൂപ വീതം ഉത്സവബത്ത നൽകാൻ 5.32 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 2019-ന് ശേഷം ആദ്യമായാണ് പെൻഷൻകാർക്ക് ഓണബത്ത ലഭിക്കുന്നത്. താൽക്കാലിക ജീവനക്കാർക്ക് 1,000 രൂപ വീതമാണ് ഉത്സവബത്തയായി അനുവദിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മുഴുവൻ കുടുംബങ്ങളിലേക്കും ഓണക്കാല സഹായമെത്തിക്കാൻ ഈ തീരുമാനം സഹായിക്കും.
Comments ()