കോടികളുടെ സ്വത്ത് ലക്ഷ്യമിട്ട് 15 വർഷത്തിനിടെ ഏഴ് കൊലപാതകം, കൂടത്തിൽ കുടുംബക്കേസിൽ കാര്യസ്ഥൻ അറസ്റ്റിൽ

ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വത്ത് കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെ ജയമാധവൻ നായരെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ

കോടികളുടെ സ്വത്ത് ലക്ഷ്യമിട്ട് 15 വർഷത്തിനിടെ ഏഴ് കൊലപാതകം, കൂടത്തിൽ കുടുംബക്കേസിൽ കാര്യസ്ഥൻ അറസ്റ്റിൽ

തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട കേസിൽ വർഷങ്ങൾക്കുശേഷം നിർണായക നടപടി. കുടുംബത്തിലെ കാര്യസ്ഥനായ രവീന്ദ്രൻ നായരെ ജയമാധവൻ നായരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വത്ത് കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെ ജയമാധവൻ നായരെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2017 ഏപ്രിൽ രണ്ടിനായിരുന്നു ജയമാധവൻ നായരുടെ മരണം.

കോടിക്കണക്കിന് രൂപയുടെ സ്വത്തിന് അവകാശികളായിരുന്ന കൂടത്തിൽ കുടുംബത്തിലെ ഏഴുപേർ ഏകദേശം 15 വർഷത്തിനിടെ മരിച്ചതോടെയാണ് സംഭവങ്ങളിൽ ദുരൂഹത ഉയർന്നത്. ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണൻ, ജയപ്രകാശ്, ജയശ്രീ, ബന്ധുക്കളായ ഉണ്ണികൃഷ്ണൻ നായർ, ജയമാധവൻ നായർ എന്നിവരാണ് മരിച്ചത്. ഇവരുടെ സ്വത്തുക്കൾ ഇഷ്ടദാന രേഖകളുടെയും വിൽപ്പത്രത്തിന്റെയും അടിസ്ഥാനത്തിൽ രവീന്ദ്രൻ നായരുടെയും ചില ബന്ധുക്കളുടെയും കൈവശമെത്തിയതും സംശയത്തിനിടയാക്കി. തുടർന്ന് നാട്ടുകാരനായ അനിൽകുമാറും കുടുംബാംഗമായ പ്രസന്നകുമാരിയമ്മയും പരാതികളുമായി രംഗത്തെത്തി. രേഖകളിൽ കൃത്രിമം നടന്നതായും സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ ക്രമക്കേടുകളുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ജയമാധവൻ നായരുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയം ബലപ്പെട്ടത് സംഭവദിവസത്തെ സാഹചര്യങ്ങൾ പരിശോധിച്ചതോടെയാണ്. വീട്ടിൽ ബോധരഹിതനായി കണ്ടെത്തിയ ജയമാധവനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചെന്നായിരുന്നു രവീന്ദ്രൻ നായരുടെ മൊഴി. എന്നാൽ ആശുപത്രിയിലെത്തിക്കുന്നതിനായി സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഉപയോഗിക്കാതെ അകലെയുള്ള സുഹൃത്തിനെ വിളിച്ചുവരുത്തിയതടക്കമുള്ള കാര്യങ്ങൾ അന്വേഷണസംഘം വിശദമായി പരിശോധിച്ചു. തുടക്കത്തിൽ കട്ടിലിൽനിന്ന് വീണുണ്ടായ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പിന്നീട് വീട്ടിൽനിന്ന് കണ്ടെത്തിയ രക്തക്കറ പുരണ്ട തടിക്കഷ്ണം ഉൾപ്പെടെയുള്ള തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് മരണത്തിൽ സംശയം ശക്തമായത്. സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകളിലെ കൃത്രിമങ്ങളും ഫോറൻസിക് കണ്ടെത്തലുകളും കേസിൽ നിർണായകമായി. വർഷങ്ങളായി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുന്ന കേസിൽ രവീന്ദ്രൻ നായരുടെ അറസ്റ്റോടെ അന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.