കുടുംബശ്രീയുടെ വിഭവസമൃദ്ധമായ ഓണസദ്യ: മുൻകൂട്ടി ബുക്ക് ചെയ്യാം; വിവരങ്ങളറിയാം
മലയാളിയുടെ ഓണാഘോഷത്തിന് മാറ്റ് കൂട്ടാന് വിഭവസമൃദ്ധമായ ഓണസദ്യയുമായി കുടുംബശ്രീ എത്തുന്നു.
തിരുവനന്തപുരം: ഇത്തവണത്തെ മലയാളിയുടെ ഓണാഘോഷത്തിന് മാറ്റ് കൂട്ടാന് വിഭവസമൃദ്ധമായ ഓണസദ്യയുമായി കുടുംബശ്രീ എത്തുന്നു. സംസ്ഥാനത്തുടനീളമുള്ള നാനൂറോളം വനിതാ കാന്റീന്-കാറ്ററിംഗ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇക്കുറി സദ്യയൊരുക്കുന്നത്. ചോറ്, സാമ്പാര്, അവിയല്, കൂട്ടുകറി, തോരന്, ഓലന്, കാളന്, പച്ചടി, കിച്ചടി, പുളിയിഞ്ചി, രസം, മോര്, അച്ചാര്, ശര്ക്കരവരട്ടി, കായ ഉപ്പേരി, പപ്പടം, പഴം, പായസം എന്നിവയുള്പ്പെടെയുള്ള സമ്പൂര്ണ്ണ സദ്യയ്ക്ക് 170 രൂപ മുതലാണ് നിരക്ക് ആരംഭിക്കുന്നത്.
കൂടാതെ അടപ്രഥമന്, പാലട പ്രഥമന്, പരിപ്പ് പായസം തുടങ്ങിയ വിവിധയിനം പായസങ്ങള് അര ലിറ്റര് അളവ് മുതല് ആവശ്യമുള്ളവര്ക്ക് തിരഞ്ഞെടുക്കാം. കുറഞ്ഞത് അഞ്ച് സദ്യകളെങ്കിലും മുന്കൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. നിലവില് എല്ലാ ജില്ലകളിലും കോള് സെന്ററുകള് വഴിയും അതത് കുടുംബശ്രീ സി.ഡി.എസുകള് വഴിയും ബുക്കിംഗ് പുരോഗമിക്കുകയാണ്. ഓര്ഡര് നല്കുന്ന വ്യക്തിയുടെ സമീപപ്രദേശത്തുള്ള സംരംഭകര്ക്കായിരിക്കും സദ്യ തയ്യാറാക്കാനുള്ള ചുമതല നല്കുന്നത്. ഇത്തരത്തില് ബുക്ക് ചെയ്യുന്ന സദ്യ അതത് പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളില് നിന്ന് ഉപഭോക്താക്കള്ക്ക് നേരിട്ട് വാങ്ങാവുന്നതാണ്.
സര്ക്കാര്, അര്ദ്ധ സര്ക്കാര്, സ്വകാര്യ സ്ഥാപനങ്ങള്, ബാങ്കുകള്, സ്കൂളുകള്, മാധ്യമ സ്ഥാപനങ്ങള്, റെസിഡന്റ്സ് അസോസിയേഷനുകള് എന്നിവിടങ്ങളില് ഓണാഘോഷത്തിനാവശ്യമായ ഓണസദ്യ വിതരണം ചെയ്യുന്നതിനുള്ള ഓര്ഡറുകളും സ്വീകരിക്കുന്നുണ്ട്. ഓണസദ്യ മുന്കൂറായി ബുക്ക് ചെയ്യാന് അതത് കുടുംബശ്രീ ജില്ലാ മിഷന് ഓഫീസ്, കൂടാതെ കുടുംബശ്രീ സി.ഡി.എസ് ഓഫീസ് എന്നിവിടങ്ങളില് ബന്ധപ്പെടാം.
Comments ()