രാജ്യസ്നേഹം വളർത്താൻ നടപടി: ഇറാൻ നടത്തിയ ആക്രമണങ്ങൾ പാഠ്യവിഷയമാക്കി കുവൈറ്റ്
അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും മേഖലയിൽ സമാധാനം നിലനിർത്താനും കുവൈറ്റ് നടത്തിയ നയതന്ത്ര ശ്രമങ്ങളും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.
കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം പത്താം ക്ലാസിലെ 'ദി സ്റ്റേറ്റ് ഓഫ് കുവൈറ്റ്: ദി ജേർണി ആൻഡ് ദി എന്റിറ്റി' എന്ന ചരിത്ര പാഠപുസ്തകത്തിലെ 56, 57 പേജുകളിൽ പശ്ചിമേഷ്യൻ സംഘർഷ ദിനങ്ങളിൽ രാജ്യം നേരിട്ട ഇറാനിയൻ ആക്രമണങ്ങളും അതിനോടുള്ള പ്രതികരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ തലമുറയിൽ രാജ്യസ്നേഹവും ഐക്യബോധവും വളർത്തുന്നതിന്റെ ഭാഗമായാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയതെന്ന് കുവൈറ്റ് ദിനപത്രമായ 'അൽ ഖബസ്' റിപ്പോർട്ട് ചെയ്യുന്നു. 'പാപപൂർണ്ണമായ ഇറാനിയൻ ആക്രമണങ്ങൾ' എന്ന് വിശേഷിപ്പിച്ചിരിക്കുന്ന ഈ സംഭവങ്ങളിൽ, രാജ്യത്തെ ഊർജ്ജ-ജലസ്രോതസ്സുകൾ, വിമാനത്താവളം, പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി കെട്ടിടം, മിനിസ്ട്രീസ് കോംപ്ലക്സ്, ജനവാസ മേഖലകൾ എന്നിവയ്ക്ക് നേരെ ഇറാനും സഖ്യസംഘടനകളും നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ വിശദീകരിക്കുന്നുണ്ട്. പ്രത്യേകിച്ച്, ജൂൺ മൂന്നിന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യൻ യാത്രക്കാരൻ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ ചിത്രങ്ങളും, ജൂലൈ 17-ന് ജലശുദ്ധീകരണ-വൈദ്യുതി ഉത്പാദന നിലയത്തിന് നേരെ നടന്ന ആക്രമണവും പുസ്തകത്തിൽ പ്രതിപാദിക്കുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നേതൃത്വത്തിൽ രാജ്യം കാഴ്ചവെച്ച പ്രതിരോധവും ദേശീയ ഐക്യവും പാഠപുസ്തകം എടുത്തുപറയുന്നുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചും തങ്ങളുടെ വ്യോമാതിർത്തിയോ ഭൂപരിധിയോ മറ്റ് രാജ്യങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് അനുവദിക്കില്ലെന്ന വ്യക്തമായ നിലപാട് ഉയർത്തിപ്പിടിച്ചും മേഖലയിൽ സമാധാനം നിലനിർത്താൻ കുവൈറ്റ് നടത്തിയ നയതന്ത്ര ശ്രമങ്ങളും ഇതിൽ വ്യക്തമാക്കുന്നു. അതേസമയം, യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ അടുത്തിടെ സെപ്റ്റംബർ രണ്ടിനും കുവൈറ്റിലെ ഒരു റെസിഡൻഷ്യൽ കോംപ്ലക്സിന് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണമുണ്ടായിരുന്നു. എന്നാൽ, തീപിടുത്തം അടിയന്തരമായി അണയ്ക്കാൻ കഴിഞ്ഞെന്നും ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും കുവൈറ്റ് അഗ്നിശമന സേന അറിയിച്ചു.
Comments ()