കുവൈത്തിൽ നിന്ന് ആഗോള നയതന്ത്രരംഗത്തേക്ക്;ഇന്ത്യയുൾപ്പെടെ നാല് രാജ്യങ്ങളുടെ പൊളിറ്റിക്കൽ അഡ്വൈസറായി ബിബിൻ
ഇന്ത്യ, ഭൂട്ടാൻ, ശ്രീലങ്ക, മാൽദ്വീപ് എന്നീ രാജ്യങ്ങളുമായുള്ള രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ദൗത്യസംഘത്തിലാണ് പുതിയ ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്
കുവൈത്ത്: നോർവീജിയൻ വിദേശകാര്യ സർവീസിന്റെ ഭാഗമായി ഇന്ത്യയുൾപ്പെടെ നാല് ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി ബന്ധപ്പെട്ട പൊളിറ്റിക്കൽ അഡ്വൈസറായി ബിബിൻ സാം തോമസ് നിയമിതനായി. ഇന്ത്യ, ഭൂട്ടാൻ, ശ്രീലങ്ക, മാൽദ്വീപ് എന്നീ രാജ്യങ്ങളുമായുള്ള രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ദൗത്യസംഘത്തിലാണ് പുതിയ ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി ജയന്ത് സിങ് ചൗധരിയുടെ പേഴ്‌സണൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് ഈ നിയമനം.
കുവൈത്തിലെ മലയാളി സമൂഹത്തിനിടയിൽ സുപരിചിതനായ വയനാട് സ്വദേശി ബാബുജി ബത്തേരിയുടെയും ബീനാ പോളിന്റെയും മകനാണ് ബിബിൻ. അഭിഭാഷകയായ ബിനിത മരിയ തോമസും എൻജിനീയറായ ബിജില അന്ന തോമസുമാണ് സഹോദരിമാർ. പ്രവാസജീവിതത്തിനിടയിൽ കുവൈത്തിൽ സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ച ബിബിൻ പിന്നീട് ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിൽ തുടർപഠനം നടത്തുകയും പാർലമെന്ററി രംഗത്ത് പ്രവർത്തനപരിചയം നേടുകയും ചെയ്തു.
കുവൈത്തിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് എറണാകുളം കളമശ്ശേരിയിലെ രാജഗിരി പബ്ലിക് സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു പഠനം പൂർത്തിയാക്കി. ഹൈദരാബാദിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ നിന്ന് സോഷ്യൽ സയൻസിൽ ബിരുദവും നേടി. പാർലമെന്ററി ഫെല്ലോഷിപ്പിലൂടെയും കേന്ദ്രമന്ത്രിയുടെ ഓഫീസിലെ പ്രവർത്തനത്തിലൂടെയും നേടിയ അനുഭവസമ്പത്താണ് ഔദ്യോഗിക ജീവിതത്തിലെ പുതിയ ചുമതലയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.
Comments ()