യുഎഇയിൽ ഇന്ധനവില കുറഞ്ഞു; നവംബറിലെ പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചു
പുതിയ വിലകൾ നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. പെട്രോൾ, ഡീസൽ വിഭാഗങ്ങളിലെല്ലാം വില കുറഞ്ഞത് വാഹനയാത്രക്കാർക്കും കുടുംബങ്ങൾക്കും ആശ്വാസമാകും
അബുദാബി: തുടർച്ചയായ മാസങ്ങളിലെ വിലവർധനവിന് പിന്നാലെ യുഎഇയിൽ ഇന്ധനവിലയിൽ കുറവ്. നവംബർ മാസത്തേക്കുള്ള പുതുക്കിയ നിരക്കുകൾ അധികൃതർ പ്രഖ്യാപിച്ചു. പുതിയ വിലകൾ നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. പെട്രോൾ, ഡീസൽ വിഭാഗങ്ങളിലെല്ലാം വില കുറഞ്ഞത് വാഹനയാത്രക്കാർക്കും കുടുംബങ്ങൾക്കും ആശ്വാസമാകും.
സൂപ്പർ 98 പെട്രോളിന് ഇനി ലിറ്ററിന് 4.16 ദിർഹമാണ് നൽകേണ്ടത്. ഒക്ടോബറിൽ ഇത് 4.40 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോളിന്റെ വില 4.28 ദിർഹത്തിൽ നിന്ന് 4.04 ദിർഹമായും ഇ-പ്ലസ് 91 പെട്രോളിന്റെ നിരക്ക് 4.21 ദിർഹത്തിൽ നിന്ന് 3.97 ദിർഹമായും കുറഞ്ഞു. ഡീസൽ വിലയിൽ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. ലിറ്ററിന് 4.80 ദിർഹമായിരുന്ന ഡീസലിന് നവംബറിൽ 4.75 ദിർഹമാണ് നിരക്ക്.
മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തുടർച്ചയായ നാല് മാസത്തെ വിലവർധനയ്ക്കു ശേഷം ജൂലൈയിലാണ് നേരിയ കുറവുണ്ടായത്. എന്നാൽ ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ വീണ്ടും വില ഉയർന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങൾ ആരംഭിച്ചതിനു ശേഷം യുഎഇയിൽ ഇന്ധനവിലയിൽ 60 ശതമാനത്തിലധികം വർധന രേഖപ്പെടുത്തിയിരുന്നു. പുതിയ നിരക്കുകൾ നിലവിൽ വന്നതോടെ ഇന്ധനച്ചെലവിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.
Comments ()