കുവൈത്തിൽ കനത്ത ചൂടിനൊപ്പം മൂടൽമഞ്ഞിനും സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ കേന്ദ്രം
ഇന്ത്യൻ മൺസൂൺ ന്യൂനമർദവുമായി ബന്ധപ്പെട്ട കാലാവസ്ഥാ സാഹചര്യങ്ങളും ചൂടും ഈർപ്പവും നിറഞ്ഞ കാറ്റുമാണ് നിലവിലെ അന്തരീക്ഷ സ്ഥിതിക്ക് കാരണമെന്ന് കേന്ദ്രത്തിന്റെ ആക്ടിംഗ് ഡയറക്ടർ ധരാർ അൽ-അലി വ്യക്തമാക്കി.
കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ ഉയർന്ന താപനിലയ്ക്കും കനത്ത ഈർപ്പത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരദേശ മേഖലകളിൽ പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെടാനിടയുള്ളതിനാൽ ദൃശ്യപരിധി ഗണ്യമായി കുറയുമെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യൻ മൺസൂൺ ന്യൂനമർദവുമായി ബന്ധപ്പെട്ട കാലാവസ്ഥാ സാഹചര്യങ്ങളും ചൂടും ഈർപ്പവും നിറഞ്ഞ കാറ്റുമാണ് നിലവിലെ അന്തരീക്ഷ സ്ഥിതിക്ക് കാരണമെന്ന് കേന്ദ്രത്തിന്റെ ആക്ടിംഗ് ഡയറക്ടർ ധരാർ അൽ-അലി വ്യക്തമാക്കി.
ബുധനാഴ്ച വൈകുന്നേരത്തോടെ തീരപ്രദേശങ്ങളിൽ ഈർപ്പം കൂടുതൽ ഉയരാൻ സാധ്യതയുണ്ട്. കാറ്റിന്റെ ദിശയിൽ മാറ്റമുണ്ടാകാമെങ്കിലും മണിക്കൂറിൽ 6 മുതൽ 26 കിലോമീറ്റർ വരെ വേഗതയിൽ തെക്കുകിഴക്കൻ കാറ്റിനാണ് പ്രധാനമായും സാധ്യത. ഇതിന്റെ ഭാഗമായി വൈകുന്നേരങ്ങളിലും രാത്രിയിലും മൂടൽമഞ്ഞ് ശക്തമാകാം.
പകൽ സമയത്ത് കടുത്ത ചൂടും ഉയർന്ന ആർദ്രതയും അനുഭവപ്പെടും. രാത്രിയിലും ചൂടും ഈർപ്പവും തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
രാജ്യത്ത് അടുത്ത ദിവസങ്ങളിൽ 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയും 29 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനിലയും രേഖപ്പെടുത്താൻ സാധ്യതയുണ്ട്. മൂടൽമഞ്ഞ് ശക്തമാകുന്ന സമയങ്ങളിൽ വാഹനമോടിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Comments ()