തൊഴിലാളിയുടെ മരണം: കുവൈത്തിൽ നിർമ്മാണ കമ്പനിക്കും ഇൻഷുറൻസ് സ്ഥാപനത്തിനും വൻ തുക പിഴ

50,000 ദിനാർ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

തൊഴിലാളിയുടെ മരണം: കുവൈത്തിൽ നിർമ്മാണ കമ്പനിക്കും ഇൻഷുറൻസ് സ്ഥാപനത്തിനും വൻ തുക പിഴ

കുവൈറ്റ്: കുവൈറ്റിലെ അല്‍-മുത്ല റെസിഡന്‍ഷ്യല്‍ സിറ്റി പ്രോജക്ടില്‍ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഈജിപ്ഷ്യന്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ നിര്‍മ്മാണ കമ്പനിയും ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്ന് മരിച്ചയാളുടെ കുടുംബത്തിന് ബ്ലഡ് മണിയും 50,000 കുവൈറ്റ് ദിനാര്‍ നഷ്ടപരിഹാരവും നല്‍കാന്‍ കുവൈറ്റ് അപ്പീല്‍ കോടതി ഉത്തരവിട്ടു. കീഴ്ക്കോടതിയുടെ മുന്‍ വിധി ശരിവെച്ചുകൊണ്ടാണ് അപ്പീല്‍ കോടതിയുടെ ഈ നിര്‍ണായക നടപടി.

അല്‍-മുത്ല പ്രോജക്ടിലെ സബ്സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഈജിപ്ഷ്യന്‍ സ്വദേശി ശക്തമായ വൈദ്യുതാഘാതമേറ്റ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. തൊഴിലാളിക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും തൊഴില്‍ സുരക്ഷാ മാര്‍ഗ്ഗങ്ങളും ഒരുക്കുന്നതില്‍ നിര്‍മ്മാണ കമ്പനിയുടെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയുണ്ടായതായി ക്രിമിനല്‍ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സുരക്ഷാവീഴ്ചയെത്തുടര്‍ന്ന് കമ്പനിക്കെതിരെ നരഹത്യ കുറ്റമാണ് ചുമത്തിയിരുന്നത്.

അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കമ്പനിക്കാണെന്ന് ക്രിമിനല്‍ കോടതി വ്യക്തമാക്കിയതോടെയാണ് മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ക്കായി സിവില്‍ കേസ് ഫയല്‍ ചെയ്തതെന്ന് അഭിഭാഷകന്‍ ജാസിം അല്‍-തുവൈതാന്‍ അറിയിച്ചു. ഈ സിവില്‍ കേസിലാണ് ഇപ്പോള്‍ വന്‍ തുക നഷ്ടപരിഹാരം ഈടാക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.