കുവൈറ്റിൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പുതിയ നിയമം: അനുമതിയില്ലാത്ത ധനസമാഹരണത്തിന് 10 വർഷം വരെ തടവും കനത്ത പിഴയും

പണമായി സംഭാവനകൾ ശേഖരിക്കാനും സ്വീകരിക്കാനും മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി നിർബന്ധമാണ്

കുവൈറ്റിൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പുതിയ നിയമം: അനുമതിയില്ലാത്ത ധനസമാഹരണത്തിന് 10 വർഷം വരെ തടവും കനത്ത പിഴയും

കുവൈറ്റിലെ ജീവകാരുണ്യ, മാനുഷിക പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനായി ഏഴ് അധ്യായങ്ങളിലായി 96 വകുപ്പുകളുള്ള പുതിയ കരട് നിയമത്തിന് മന്ത്രിസഭ അനുമതി നൽകി. 1959-ലെ പഴയ നിയമത്തിന് പകരമായി നടപ്പിലാക്കുന്ന ഈ നിയമം വഴി ചാരിറ്റി മേഖലയുടെ മേൽനോട്ടത്തിനായി 'നാഷണൽ സെന്റർ ഫോർ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ വർക്ക്' സ്ഥാപിക്കും.

പുതിയ വ്യവസ്ഥകൾ പ്രകാരം കൃത്യമായ ലൈസൻസും രജിസ്‌ട്രേഷനും കൂടാതെ ധനസമാഹരണമോ ജീവകാരുണ്യ പ്രവർത്തനങ്ങളോ നടത്താൻ അനുവദിക്കില്ല. പണമായി സംഭാവനകൾ ശേഖരിക്കുന്നതിനും സ്വീകരിക്കുന്നതിനും മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി നിർബന്ധമാക്കിയതിനൊപ്പം സംഭാവന നൽകുന്നവരുടെയും സ്വീകരിക്കുന്നവരുടെയും വിവരങ്ങളും സാമ്പത്തിക രേഖകളും 10 വർഷം വരെ സൂക്ഷ്മമായി നിരീക്ഷിച്ച് സൂക്ഷിക്കേണ്ടതുമുണ്ട്.

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ സംശയിക്കുന്ന ഇടപാടുകൾ ഉടൻ അധികൃതരെ അറിയിക്കണമെന്നും കുട്ടികളുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും സംരക്ഷിക്കാൻ പ്രത്യേക നിബന്ധന പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ലൈസൻസില്ലാത്ത ധനസമാഹരണങ്ങൾക്ക് 10 വർഷം വരെ തടവും കനത്ത പിഴയും ഉൾപ്പെടെയുള്ള കർശനമായ ശിക്ഷാനടപടികളാണ് പുതിയ നിയമത്തിൽ ശുപാർശ ചെയ്തിരിക്കുന്നത്.